മുംബൈ: ക്ഷയരോഗ ആശുപത്രിയിലെ 66 ജീവനക്കാർക്ക് ക്ഷയരോഗം .ക്ഷയരോഗ ചികിൽസയ്ക്കായുള്ള ശിവ്‌രിയിലെ പ്രത്യേക ആശുപത്രിയിൽ 5 വർഷത്തിനുള്ളിൽ ഈ രോഗം ബാധിച്ചത് 66 ജീവനക്കാർക്കെന്നു വെളിപ്പെടുത്തൽ. ഇതിൽ 17 പേർ മരണത്തിനു കീഴടങ്ങി. വിവരാവകാശ നിയമപ്രകാരം ചേതൻ കോഠാരിക്കു ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ.
ക്ഷയരോഗാശുപത്രിയിൽ 2013-18 കാലഘട്ടത്തിൽ 49 തൊഴിലാളികൾ, 11 നഴ്സുമാർ, 2 ഡോക്ടർമാർ, ഓരോ ലാബ് അസിസ്റ്റന്റ്, ടെക്നിഷ്യൻ, റേഡിയോഗ്രഫർ, ഫാർമസിസ്റ്റ് എന്നിവർക്കാണ് രോഗം ബാധിച്ചത്. 2013ൽ രോഗം ബാധിച്ച 32 ജീവനക്കാരിൽ 10 പേർ മരിച്ചു. രോഗം ബാധിച്ചവരുടെ മുഴുവൻ ചെലവും ബിഎംസി (ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ) വഹിക്കുന്നുണ്ട്.
39 പേരുടെ രോഗം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും ഡോക്ടർമാരും മറ്റു ജീവനക്കാരുമടക്കം ശരാശരി 14 പേർക്ക് മാരകമായ ഈ രോഗം ബാധിക്കുന്നുവെന്നത് ആശങ്കാജനകമാണെന്നു വിവരാവകാശപ്രവർത്തകൻ ചേതൻ കോഠാരി ചൂണ്ടിക്കാട്ടി.
ക്ഷയരോഗത്തിൽ നിന്നു ജീവനക്കാരെ സംരക്ഷിക്കാൻ എൻ-95 മാസ്കും മറ്റ് സുരക്ഷാ ഉപകരണങ്ങളും വാങ്ങാൻ ഏറെ പോരാടേണ്ടി വന്നുവെന്നു മുനിസിപ്പൽ മസ്ദൂർ യൂണിയൻ ആരോപിച്ചു.
Post Your Comments