KeralaLatest News

ശബരിമലയുടെ ചുവട് പിടിച്ച് മുസ്ലിംപള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന ആവശ്യം ശക്തമാകുന്നു

പുരോഗമന മുസ്ലിം സ്ത്രീസംഘടന  സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനം വിലക്കാനാവില്ല എന്ന സുപ്രീം കോടതി ഉത്തരവ് മുസ്ലിം സ്ത്രീകള്‍ക്ക് പുത്തനുണര്‍വ് പകരുന്നു. ശബരിമല വിവാദമായപ്പോള്‍ തന്നെ എന്തുകൊണ്ട് മുസ്ലിം സുന്നികളുടെ പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതോടെ സുന്നി പള്ളികളിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ നിയമപോരാട്ടത്തിന് നീങ്ങുകയാണ്. കോഴിക്കോട്ടെ നിസ പ്രേഗ്രസീവ്് വിമണ്‍സ് ഫോറമാണ് മുസ്ലിം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി സമീപിക്കാനൊരുങ്ങുന്നത്.

ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് നിസയുടെ നേതൃത്വത്തിലിരുക്കുന്ന സാമൂഹിക പ്രവര്‍ത്തക വിപി സുഹറ പറഞ്ഞു. ‘ഇന്ത്യന്‍ ഭരണഘടനക്ക് കീഴിലാണ് എല്ലാ ആചാരങ്ങള്‍ എന്ന് വ്യക്തമാക്കുന്ന ശബരിമല വിധി സത്യത്തില്‍ അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം മതത്തിലെ വിശ്വാസികള്‍ക്കാണ് ഗുണം ചെയ്യുന്നത്.

സുന്നിപള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ പ്രതികരിക്കാന്‍ കാന്തപുരം അടക്കമുള്ള എപി സുന്നി വിഭാഗം തയ്യാറായിട്ടില്ല. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കാന്തപുരമാണ് സ്ത്രീകളുടെ കാര്യത്തില്‍ കടുത്ത നിലപാട് എടുക്കുന്നത്.

നേരത്തെ സ്ത്രീവിരുദ്ധ പ്രസ്താനയില്‍ പ്രതിഷേധിച്ച് നിസ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ കോലം കത്തിച്ചിരുന്നു. മുത്തലാഖ്, മൊഴിചൊല്ലല്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍പെട്ട് പീഡനം അനുഭവിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്കായി കോഴിക്കോട്് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിസ. കഴിഞ്ഞമാസം സുന്നത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ചേലാകര്‍മ്മം ബാലപീഡനമെന്ന് കാട്ടി വിവിധ സംഘടനകള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പരിപാടിയിലും നിസയുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button