ബെയ്ജിങ്: ഏറ്റവും വലിയ കരാറിനൊരുങ്ങി ചൈനയും പാകിസ്ഥാനും. ഇന്ത്യയെ മുട്ടുകുത്തിക്കുക എന്നതാണ് ഇരുരാജ്യങ്ങളുടേയും പ്രധാന ലക്ഷ്യം. ഇതിനായി പാക്കിസ്ഥാന് 48 ഡ്രോണുകള്‍ നല്‍കാന്‍ ഒരുങ്ങി ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ ഡീല്‍ ആണ് ഇതെന്നു ബെയ്ജിങ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
48 ഹൈ-എന്‍ഡ് സൈനിക ഡ്രോണുകള്‍ നല്‍കാനാണ് കരാര്‍ ആയിരിക്കുന്നത്. വിങ് ലൂങ് II എന്ന ഹൈ എന്‍ഡ് മിലിട്ടറി ഡ്രോണുകളാണ് നല്‍കാന്‍ ഉടമ്പടിയായിരിക്കുന്നത്. ചെങ്ഡു എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയല്‍ (ഗ്രൂപ്പ്) കമ്പനിയാണ് ഈ എയര്‍ക്രാഫ്റ്റ് സിസ്റ്റത്തിന്റെ നിര്‍മ്മാതാക്കള്‍. സര്‍ക്കാരിന്റെ സംയുക്ത പ്രവര്‍ത്തനത്തോടെയാകും ഈ ഡ്രോണുകള്‍ക്കായുള്ള ഏരിയല്‍ വാഹനം നിര്‍മ്മിക്കുക. കരാറിന്റെ വിവരങ്ങള്‍ പുറത്തു വന്നെങ്കിലും കരാറിന്റെ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യ റഷ്യയുമായി നടത്തിയ എസ്-400 മിസൈലിന്റെ കരാറിന്റെ തൊട്ടു പിന്നാലെയാണ് ഇത്തരം ഒരു നീക്കം. അതിനാല്‍ തന്നെ ചൈന പാക്കിസ്ഥാനുമായി നടത്തിയ ഉടമ്പടി ഇന്ത്യക്ക് ഒരു പ്രതിസന്ധി ആയേക്കും.
കഴിഞ്ഞ ആഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഈ കരാറിന് ധാരണയാവുന്നത്. പുറത്തു നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ തടയുന്നതിനുള്ള രക്ഷാ മാര്‍ഗ്ഗമാണ് മിസൈല്‍ പ്രതിരോധ സംവിധാനം.
എസ്-400 വളരെ അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട സംവിധാനമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രതിരോധത്തിനായി അമേരിക്ക വിപുലീകരിച്ച സംവിധാനത്തേക്കാള്‍ മികച്ചതാണ് റഷ്യന്‍ സംവിധാനമെന്നാണ് വിലയിരുത്തലുകള്‍. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ളതാണ് എസ്400. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റഡാര്‍ സംവിധാനം, സ്വയംപര്യാപ്തമായ നിരീക്ഷണ സംവിധാനം, ടാര്‍ജറ്റിംഗ് സിസ്റ്റം, ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം, മിസൈല്‍ ലോഞ്ചറുകള്‍, നിയന്ത്രണങ്ങള്‍ നടത്തുന്നതിനുള്ള വാര്‍ത്താവിനിമയ സംവിധാനം, അതിനാവശ്യമായ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് എസ്-400.
Post Your Comments