എരുമേലി : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ കേരളം ഇതുവരെ കാണാത്ത ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എയുടെ മുന്നറിയിപ്പ്. എന്തുവില കൊടുത്തും ശബരിമലയിലേയ്ക്കുള്ള യുവതികളെ തടയും. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളം പടക്കളമാകും . താന്‍ നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങളിലൂടെ ഒരു കാരണവശാലും യുവതികള്‍ ശബരിമലയിലേക്കു കടന്നുപോകാന്‍ അനുവദിക്കില്ല. പൊലീസ് ഇടപെട്ടാല്‍ വിശ്വാസം സംരക്ഷിക്കാനെത്തുന്നവര്‍ക്കൊപ്പം ചേര്‍ന്ന് എന്തുവില കൊടുത്തും യുവതികളെ തടയുമെന്നും ജോര്‍ജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ സഞ്ചാര മാര്‍ഗങ്ങളിലും വലിയ ക്രമസമാധാന പ്രശ്നമാകുമെന്നുറപ്പാണ്. ആ സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടണം. ആര്‍ക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല നാട്ടിലെ ഭൂരിപക്ഷ സമൂഹമായ ഹൈന്ദവരുടെ വിശ്വാസാചാരങ്ങള്‍. എന്തും സഹിക്കുന്നവരാണു ഹിന്ദു ഭക്തരെന്ന ധാരണയില്‍നിന്നാണ് അയ്യപ്പ ചൈതന്യത്തിനു നേര്‍ക്കും വെല്ലുവിളി ഉയരുന്നത്. ഇതനുവദിക്കാനാവില്ല. കേരളത്തിന്റെ പുനര്‍നിര്‍മിതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍, വലിയ സമരങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കണം. ഹൈന്ദവ ഭക്തര്‍ക്കു മുകളില്‍ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ അംഗീകരിക്കാനാവില്ലെന്നും ജോര്‍ജ് പറഞ്ഞു.
Post Your Comments