തിരുവനന്തപുരം : നൈപുണ്യ കര്‍മസേനയെ വ്യാവസായിക വകുപ്പിന് കീഴില്‍ സ്ഥിരം സംവിധാനമാക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ . പ്രളയ മേഖലയിലെ വീടുകളില്‍ സേവനം നടത്തിയ വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്ന നൈപുണ്യ കര്‍മ്മസേനയ്ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലേസ്‌മെന്റ് സെല്ലുകള്‍ക്ക് സമാനമായ രീതിയില്‍ നൈപുണ്യ കര്‍മസേനയെ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്. ദുരന്ത വേളയിലുള്‍പ്പെടെ കര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്താനാവുമെന്ന് മന്ത്രി പറഞ്ഞു.
ഐ. ടി. ഐ കാമ്പസുകളില്‍ ലഭ്യമായ സ്ഥലങ്ങളെല്ലാം കൃഷിക്ക് വിയോഗിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇത് സര്‍ക്കാരിന്റെ നിര്‍ദ്ദേശമായി പരിഗണിക്കണം. അധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളുമെല്ലാം ഇതില്‍ സഹകരിക്കണം. പച്ചക്കറിയും വാഴയും ചെറുധാന്യങ്ങളുമെല്ലാം ഇത്തരത്തില്‍ കൃഷി ചെയ്യാനാവും. പ്രളയകാലത്ത് കേരളത്തിലെ യുവത്വം അഭിമാനകരമായ പ്രവര്‍ത്തനമാണ് നടത്തിയത്. കേരള യുവതയെക്കുറിച്ച് സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്ന തെറ്റാദ്ധാരണ മാറിയിട്ടുണ്ട്. നൈപുണ്യ സേനയുടെ പ്രവര്‍ത്തനം മികച്ച മാതൃകയാണ്. ദുരന്തത്തില്‍ പകച്ചുനിന്ന കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന്റേയും പ്രതീക്ഷയുടെയും വെളിച്ചം പകര്‍ന്നു നല്‍കാന്‍ നൈപുണ്യ സേനയ്ക്കായി. പ്രളയവേളയില്‍ കേരളം നടത്തിയ പ്രവര്‍ത്തനം ലോകം ആദരവോടെയാണ് കണ്ടത്. മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും വൈകാരിക അനുഭവം പ്രളയകാലത്ത് കേരളം ലോകത്തിന് കാട്ടിക്കൊടുത്തു. കേരളം പുനര്‍നിര്‍മിക്കുന്നതിന് ബൃഹദ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍. സീമ, ബി. സത്യന്‍ എം. എല്‍. എ, നവകേരളം കര്‍മ പദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി. കെ. മാധവന്‍, ഹരിതകേരളം കണ്‍സള്‍ട്ടന്റ് ടി. പി. സുധാകരന്‍, വ്യാവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി. ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments