ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന് പുതിയ തലവേദനയുണ്ടാക്കി ഉപതെരഞ്ഞെടുപ്പ്. ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ ഇല്ലാതാകുമോ എന്ന ഭീതി ഉയര്‍ത്തിയാണ് മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞടുപ്പുകള്‍ നടക്കാന്‍ പോകുന്നത്. ബെല്ലാരി, ഷിമോഗ, മാണ്ഡ്യ എന്നി ലോക്‌സഭാ സീറ്റുകളിലേക്കും ജമാഖണ്ഢി, രാമനഗര എന്നി നിയമസഭാ സീറ്റുകളിലേക്കുമാണ് നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ശനിയാഴ്‌ച്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. വരുന്ന വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കേ ഈ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയില്ലെന്നായിരുന്നു ജെഡിഎസ്, ബിജെപി, കോണ്‍ഗ്രസ് കക്ഷികള്‍ പ്രതീക്ഷിച്ചിരുന്നത്. അതേസമയം രണ്ടു ലോക്‌സഭാ സീറ്റുകള്‍ കൈവശമുള്ള ബിജെപി ഷിമോഗയിലേക്കു തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. യെഡിയൂരപ്പയുടെ മകനും മുന്‍ എംപിയുമായ ബി.വൈ. രാഘവേന്ദ്രയാണു ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
ബി.എസ്. യെഡിയൂരപ്പ, ബി. ശ്രീമലുരു, സി.എസ്. പുട്ടരാജു എന്നിവര്‍ കഴിഞ്ഞ മേയില്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണു ലോക്‌സഭാ സീറ്റുകള്‍ ഒഴിവു വന്നത്. കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മരണം, രാമനഗര മണ്ഡലത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ രാജി എന്നിവ മൂലം നിയമസഭാ സീറ്റുകളിലും ഒഴിവുവന്നു.രണ്ടു സീറ്റുകളില്‍ വിജയിച്ച കുമാരസ്വാമി രാമനഗരയുടെ പ്രാതിനിധ്യം രാജിവയ്ക്കുകയായിരുന്നു.
വെറും നാലു മാസക്കാലത്തേക്കു വേണ്ടി മാത്രം ലോക്‌സഭയില്‍ ഉപതിരഞ്ഞെടുപ്പു നടത്തുന്നതിലെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണു മൂന്നു കക്ഷികളും. ഇത്രയും ചെറിയ കാലയളവിലേക്കു മല്‍സരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നു നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.ബെല്ലാരിയിലേക്ക് ഒരാളെ കണ്ടെത്തുന്നതിനു ബിജെപി ബി. ശ്രീരാമുലുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മാണ്ഡ്യ സീറ്റില്‍ വലിയ സ്വാധീനമില്ലെങ്കിലും ജെഡിഎസും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇവിടെ വോട്ടാക്കാമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്.
ജെഡിഎസിന്റെ സിറ്റിങ് സീറ്റായ മാണ്ഡ്യ തങ്ങള്‍ക്കുതന്നെ വേണമെന്ന് അവര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ബെല്ലാരി, ഷിമോഗ സീറ്റുകളിലേക്കു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തേടുന്നുണ്ടെങ്കിലും ബിജെപിയുടെ സിറ്റിങ് സീറ്റില്‍ മല്‍സരിക്കാന്‍ പ്രധാന നേതാക്കളൊന്നും തയാറാകുന്നുമില്ല. ജയിച്ചാല്‍ തന്നെ ആറു മാസത്തില്‍ താഴെ മാത്രം പദവി ലഭിക്കുന്നതിനാല്‍ നേതാക്കളൊന്നും ഉപതിരഞ്ഞെടുപ്പിനോടു താല്‍പര്യം കാണിക്കുന്നില്ല.
2014ല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപി രമ്യ ദിവ്യസ്പന്ദന ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയോടു പരാജയപ്പെട്ടിരുന്നു.മാണ്ഡ്യയില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ, ജെഡിഎസിനെ പിന്തുണയ്ക്കണോ എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസില്‍ തുടരുകയാണ്. കുമാരസ്വാമി രാജിവച്ച രാമനഗരയില്‍ അദ്ദേഹത്തിന്റെ ഭാര്യയാണു സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇവരെ പിന്തുണയ്ക്കാനാകില്ലെന്ന നിലപാടിലാണു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍.
Post Your Comments