KeralaLatest NewsIndia

ബ്രൂവറി വിവാദം, സർക്കാർ തിടുക്കത്തിൽ അനുമതി റദ്ദാക്കിയതിന് പിന്നിൽ ..

മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യാനാണ് രമേശ് ചെന്നിത്തല ഗവർണറുടെ അനുമതി തേടിയത്.

തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തെക്കാൾ സർക്കാരിന് ആശങ്കയുണ്ടാക്കിയത് ഗവർണർ പി. സദാശിവത്തിന്റെ നിലപാടായിരുന്നു. പ്രാഥമിക നടപടിക്രമങ്ങൾ പാലിക്കാതെ ബ്രൂവറികൾക്ക് ലൈസൻസ് അനുവദിച്ചതിന്റെയും എക്സൈസ് വകുപ്പിനെ നോക്കുകുത്തിയാക്കിയതിന്റെയും രേഖകൾ സഹിതം, മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യാനാണ് രമേശ് ചെന്നിത്തല ഗവർണറുടെ അനുമതി തേടിയത്.

രേഖകൾ പരിശോധിച്ച ഗവർണർ ഭരണപരമായ വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി മുഖ്യമന്ത്രിയെ അറിയിച്ചതാണ് തിടുക്കത്തിലുള്ള അനുമതി റദ്ദാക്കലിന് വഴിതുറന്നത്. ഒക്ടോബർ ഒന്നിന് പ്രതിപക്ഷ നേതാവ് പ്രോസിക്യൂഷൻ അനുമതി തേടിയതിനു പിന്നാലെ മുഖ്യമന്ത്രി ഗവർണറെ കണ്ടു. പരാതിയിൽ 90 ദിവസത്തിനകം തനിക്ക് തീരുമാനമെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും ഗവർണർ അറിയിച്ചു.

നടപടിക്രമങ്ങളിലെ ഗുരുതരമായ വീഴ്ച കോടതിയിൽ കുരുക്കാവാനിടയുണ്ട്. രേഖകൾ തള്ളിക്കളയാനാവുന്നതല്ലെന്നും പ്രോസിക്യൂഷൻ അനുമതി നൽകിയാൽ സർക്കാരിന് ഗുരുതര പ്രതിസന്ധിയുണ്ടാവുമെന്നും ഗവർണർ ധരിപ്പിച്ചു. ജല ലഭ്യത, പരിസ്ഥിതി പ്രശ്‌നം, സുരക്ഷ എന്നിവയെക്കുറിച്ച് ജില്ലാ അധികൃതരുടെ റിപ്പോർട്ടും അപേക്ഷകന്റെ പ്രവൃത്തിപരിചയം, സാമ്പത്തികശേഷി എന്നിവയും പരിഗണിച്ച് എക്സൈസ് കമ്മിഷണർ നൽകുന്ന ശുപാർശയിലായിരിക്കണം സർക്കാർ തീരുമാനമെടുക്കേണ്ടതെന്നാണ് ചട്ടം.

എന്നാൽ വ്യവസ്ഥകളെല്ലാം ഒഴിവാക്കി എക്സൈസ് വകുപ്പ് നേരിട്ട് വിവരങ്ങൾ ശേഖരിച്ച് അപേക്ഷയിൽ അതിവേഗം അനുമതി നൽകുകയായിരുന്നു. ഇതിന് ആധാരമായ തെളിവുകൾ ചെന്നിത്തലയുടെ പരാതിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടി, സർക്കാർ തലത്തിൽ പ്രശ്‌നപരിഹാരത്തിന് നീക്കം തുടങ്ങിയത്.

ലൈസൻസ് റദ്ദാക്കിയതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സർക്കാർ പ്രതിസന്ധിയിൽ നിന്ന് തലയൂരി. ഇപ്പോൾ റദ്ദാക്കിയ ലൈസൻസുകൾ അടുത്ത തവണ ചട്ടങ്ങൾ പാലിച്ച് നൽകുകയുമാവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button