തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയിരുന്നു. ഇതോടെ പിണറായി സര്‍ക്കാര്‍ മെനയുന്ന തന്ത്രങ്ങള്‍ പാളുകയാണ്. തുലാമാസപൂജയ്ക്കു ശബരിമല നടതുറക്കാന്‍ 10 ദിവസം മാത്രം ശേഷിക്കേ ഇനി എന്തുചെയ്യുമെന്ന് ആലോചനയിലാണ് സര്‍ക്കാര്‍. തന്ത്രി കുടുംബവുമായുള്ള സമവായ ചര്‍ച്ചയായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ ഇന്നലെയോടെ അതും നഷ്ടപ്പെടുകയായിരുന്നു.
വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നത് എന്തിനാണെന്നും സമവായത്തിനുളള സാധ്യത ആദ്യം തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി നാളെ കൊടുക്കുമെന്നാണ് സൂചന. അതേസമയം റിവ്യൂ ഹര്‍ജിയില്‍ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ്ഠര്‌മോഹനര് പറഞ്ഞിരുന്നു. സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുമെതിരേ ഇന്നലെയും വിശ്വാസിക്കൂട്ടായ്മകള്‍ ശരണഘോഷം മുഴക്കി തെരുവിലിറങ്ങിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പുനഃപരിശോധനാഹര്‍ജി നല്‍കിയാല്‍ പിന്തുണയ്ക്കാമെന്നാണു ബി.ജെ.പിയുടെ നിലപാട്. അതേസമയം സന്നിധാനത്ത് ഉള്‍പ്പെടെ വനിതാജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിലാണു ദേവസ്വം ബോര്‍ഡും. ഇതുസംബന്ധിച്ചു ദേവസ്വം കമ്മിഷണര്‍ ഉത്തരവിറക്കി. പമ്പയില്‍നിന്നുള്ള തീര്‍ഥാടനപാതയിലും സന്നിധാനത്തും വനിതാ പോലീസിനെ വിന്യസിക്കുമെന്ന് പറഞ്ഞെങ്കിലും ശബരിമല ഡ്യൂട്ടിക്ക് വനിതാ പോലീസുകാരെ നിര്‍ബന്ധിച്ചയക്കില്ലെന്ന് ഡി.ജി.പി. അറിയിച്ചു.
Post Your Comments