ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ടൗണുകളില്‍ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. സ്ത്രീ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഘോഷയാത്ര. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ സാമുദായിക സംഘടനകളുടെയും അയ്യപ്പസേവാ സമാജത്തിന്റെയും നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ സംഘടിപ്പിച്ച ശരണമന്ത്ര ജപയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
പന്തളം കൊട്ടാരത്തിലെയും തന്ത്രികുടുംബത്തിലെയും അംഗങ്ങളും പ്രതിഷേധ ജപയാത്രയിൽ പങ്കെടുത്തു. എന്‍എസ്‌എസും എസ്‌എന്‍ഡിപിയും അടക്കം 17 സംഘടനകളുടെ നേതൃത്വത്തിലാണ് ഘോഷയാത്ര നടത്തിയത്. ചങ്ങനാശ്ശേരി പെരുന്നയില്‍ നടന്ന നാമജപഘോഷയാത്ര പ്രതിഷേധ വേദിയായി മാറി.
പന്തളം രാജകുടുംബാംഗവും തന്ത്രിമാരും പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു. സുപ്രീംകോടതി വിധി ശബരിമലയുടെ നാശത്തിലേക്ക് നയിക്കുമെന്നും ചൈതന്യം നഷ്ടപ്പെടുത്തും എന്നും ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.
മതുമൂല വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശരണമന്ത്ര ജപയാത്ര പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ സമാപിച്ചു.സമാപന യോഗത്തില്‍ പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍വര്‍മ്മ, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തന്ത്രിമാരായ മഹേഷ് മോഹനര്, കണ്ഠരര് മോഹനര്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.
മലപ്പുറം എടപ്പാളിലും പ്രതിഷേധ നാമജപയാത്ര നടത്തി.എടപ്പാള്‍ കുളങ്കര ക്ഷേത്ര പരിസരത്തുനിന്നു തുടങ്ങിയ യാത്ര എടപ്പാള്‍ ടൗണ്‍ ചുറ്റി പട്ടാമ്ബി റോഡില്‍ സമാപിച്ചു. പൊന്നാനി താലൂക്കിലെ മുഴുവന്‍ അയ്യപ്പഭക്തന്‍മാരെയും ഉള്‍പ്പെടുത്തി ശബരിമല ധര്‍മസംരക്ഷണ സമിതിയാണ് നാമജപയാത്ര സംഘടിപ്പിച്ചത്.
Post Your Comments