കുമളി: ശക്തമായ മഴയിൽ വലഞ്ഞ് കുമളി .കനത്തമഴയെ തുടർന്നു കുമളിയിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും. കട്ടപ്പന – കുമളി റോഡിൽ രണ്ടാം മൈൽ എകെജി പടിക്കു സമീപം ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി വൈകി ചെറുവാഹനങ്ങൾക്കു കടന്നുപോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് ജെസിബിയുടെ സഹായത്തോടെയാണ് മണ്ണും കല്ലും നീക്കം ചെയ്തത്. പലയിടത്തും ഗതാഗതം തടസപ്പെട്ടു. വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിനടിയിലായി.
ഇതേ തുടർന്ന് പലയിടങ്ങളിലും ആളുകളെ മാറ്റി പാർപ്പിച്ചു. കെകെ റോഡിൽ വണ്ടിപ്പെരിയാറ്റിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്നു ഗതാഗതം പൂർണമായി തടസപ്പെട്ടു. അട്ടപ്പളം സിറ്റിയിൽ അഞ്ചടിയോളം ഉയരത്തിൽ വെള്ളം ഉയർന്നു. വ്യാപാര സ്ഥാപനങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ബിവറേജ് ഒൗട്ട്ലെറ്റിലും വെള്ളംകയറി. ഒന്നാംമൈൽ സിറ്റിയിലും സമാനമായ സ്ഥിതിയുണ്ടായി.
അട്ടപ്പള്ളം ഒന്നാംമൈൽ റോഡിലും വെള്ളം കയറി. കുമളി ടൗണിലും പരിസരപ്രദേശങ്ങളിലെ റോസാപ്പൂക്കണ്ടം, വലിയകണ്ടം, പെരിയാർ കോളനികളിലെ വീടുകളിലും വെള്ളം കയറി. ഒട്ടകത്തലമേട്, ചക്കുപള്ളം റോഡിനു താഴ്ഭാഗത്തുണ്ടായ ഉരുൾപൊട്ടലാണ് കുമളി-കട്ടപ്പന റോഡിൽ പതിച്ചത്. അട്ടപ്പള്ളത്ത് പോപ്സണ്മേട് ഭാഗത്തും മറ്റുമായി വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. ഇവിടെ നിന്നു ആളുകളെ മാറ്റി പാർപ്പിച്ചു.
Post Your Comments