താനൂര്‍ : താനൂരിനെ നടുക്കിയ കൊലയിലെ മുഖ്യ പ്രതി ബഷീറിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കേസിലെ മുഖ്യപ്രതി ബഷീര്‍ കൊലപാതകം നടത്താന്‍ രണ്ട് ദിവസത്തെ അവധിയ്ക്കാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ബഷീര്‍ നാട്ടിലെത്തിയ വിവരം ഭാര്യയേയും മക്കളേയും അറിയിച്ചിരുന്നില്ല. ലോഡ്ജിലേയ്ക്ക് സൗദത്തിനെ വിളിച്ചുവരുത്തുകയാണ് ചെയ്തത്. അവിടെ വെച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.
മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പ്രതി ആക്രമിക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ഭാര്യ സൗജത്ത്. തലയ്ക്കടിയേറ്റ സവാദിന്റെ നിലവിളികേട്ട് മകള്‍ ഉണര്‍ന്നതോടെ പ്രതി പിന്‍വാതില്‍ വഴി പുറത്തേക്ക് ഓടി. തുടര്‍ന്ന് മകളെ മറ്റൊരു മുറിയിലേക്കു മാറ്റിയ കത്തികൊണ്ട് വെട്ടിയും വരഞ്ഞുമാണ് സൗജത്ത് സവാദിന്റെ മരണമുറപ്പാക്കിയത്. സംഭവശേഷം അലറിവിളിച്ച് വീടിനു പുറത്തിറങ്ങിയ സൗജത്ത് തന്നെയാണ് അയല്‍വാസികളെ വിവരമറിയിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് അന്നുതന്നെ ഇവരുടെ മൊഴിയെടുത്തിരുന്നു. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നിട്ടത് കുട്ടികള്‍ക്കു മൂത്രമൊഴിക്കാന്‍ പോകാനാണെന്നാണ് സൗജത്ത് പൊലീസിനോടു പറഞ്ഞത്. സൗജത്തിനെപ്പറ്റി നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് ഫോണ്‍ വിളികള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബഷീറിനൊപ്പം താമസിക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയതെന്ന് സൗജത്ത് മൊഴി നല്‍കി. ഒരു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് കൊല ചെയ്തതെന്നും അവര്‍ പറഞ്ഞു.
കൊലപാതകം നടത്താന്‍ ദുബായില്‍നിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീറിനെ അവിടെനിന്ന് സംഭവസ്ഥലത്തേക്കും തിരിച്ച് വിമാനത്താവളത്തിലേക്കും എത്തിച്ചത് സുഹൃത്തായ സുഫിയാനാണ്. രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതും ഈ സുഹൃത്താണ്. ഇയാള്‍ കാസര്‍കോടുവച്ച് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച മരക്കഷണവും വെട്ടുകത്തിയും വീട്ടില്‍നിന്നു കണ്ടെടുത്തു. പിതാവ് മരിക്കുകയും അമ്മ അറസ്റ്റിലാവുകയും ചെയ്തതോടെ ഇവരുടെ നാലു മക്കളുടെ ഭാവി പ്രതിസന്ധിയിലായി. വിവാഹിതനായ ബഷീറിനു മൂന്നു മക്കളുണ്ട്.
Post Your Comments