മഹാദുരന്തത്തിനു ശേഷം ഭൂമിയില്‍ പുതിയ പ്രതിഭാസം രൂപപ്പെട്ടു : രക്ഷാസംഘം കണ്ടെത്തിയത് ചെളിയില്‍ നിന്നു മുകളിലേക്ക് ഉയര്‍ന്നു നില്ക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും
ജക്കാര്‍ത്ത : മഹാദുരന്തങ്ങള്‍ക്കു ശേഷം ഭൂമിയില്‍ പുതിയ പ്രതിഭാസങ്ങള്‍ രൂപം കൊള്ളുന്നു. ഈ പ്രതിഭാസത്തെ കുറിച്ച് ശാസ്ത്രത്തിനും അജ്ഞതയാണ്. സൂനാമിയും ഭൂകമ്പവും തച്ചുതകര്‍ത്ത ഇന്തൊനീഷ്യയില്‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത് മഹാദുരന്തത്തിന്റെ ഭീതിദമായ കാഴ്ചകളാണ്. സൂനാമിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പലതും കണ്ടെത്തിയെങ്കിലും അതിനേക്കാള്‍ ഭീകരമായ മറ്റൊരു കാഴ്ചയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകരെ ഞെട്ടിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ആറു വരെ 1571 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. പലു നഗരത്തിലാണ് ഏറ്റവുമധികം പേര് മരിച്ചത്. എന്നാല്‍ ഇന്തൊനീഷ്യയിലെ പല വിദൂരഗ്രാമങ്ങളിലേക്കുമുള്ള റോഡുകള്‍ പുനര്‍നിര്‍മിച്ച് അവിടേക്ക് രക്ഷാസംഘം എത്തിയപ്പോള്‍ സാക്ഷ്യം വഹിച്ചത് അപൂര്‍വ ദുരന്തത്തിന്റെ കാഴ്ചകള്‍.
പല പ്രദേശങ്ങളെയും ചെളി മൂടി ശ്മശാന തുല്യമാക്കിയിരിക്കുന്നു. പെട്ടോബോ, ബലാറോവ എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും ഇന്തൊനീഷ്യന്‍ ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലാതായ അവസ്ഥയിലാണ്. ജീവന്റെ തുടിപ്പു തേടിയിറങ്ങിയ ഫ്രഞ്ച് രക്ഷാസംഘം കണ്ടെത്തിയത് ചെളിയില്‍ നിന്നു മുകളിലേക്ക് ഉയര്‍ന്നു നില്ക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും.
സെപ്റ്റംബര്‍ 28ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ പലുവിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ മറ്റൊരു പ്രതിഭാസം രൂപപ്പെട്ടു. മണ്ണ് കുഴമ്പു പരുവത്തിലാകുന്നതായിരുന്നു അത്. മണ്ണിലെ ജലത്തിന്റെ സാന്നിധ്യം അസാധാരണമായി കൂടിയതായിരുന്നു പ്രശ്നം. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ ഇപ്പോഴും വിശദീകരണമായിട്ടില്ല.
നിന്ന നില്പില് 1700ഓളം വീടുകളാണ് ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കപ്പെട്ടതെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ ഏജന്‍സി പറയുന്നു. പല സ്ഥലങ്ങളിലും വീടുകളും മറ്റു കെട്ടിടങ്ങളും രണ്ടായി പിളര്‍ന്നു. ഈ വീടുകള്‍ക്കൊപ്പം നൂറുകണക്കിനു പേരും മണ്ണിനടിയിലായെന്നാണു നിഗമനം. അതിനാല്‍ത്തന്നെ വരുംനാളുകളില്‍ മരണസംഖ്യ ഇനിയുമേറുമെന്നും രക്ഷാസംഘം പറയുന്നു. മാത്രവുമല്ല ‘ചെളിച്ചതുപ്പ്’ ഇപ്പോള്‍ അതിവേഗം ഉണങ്ങി കട്ടിപിടിച്ചിരിക്കുകയാണ്. അതിനകത്തു പെട്ടവരെ ജീവനോടെ രക്ഷിക്കാനാകില്ലെന്ന് ഉറപ്പായി. പക്ഷേ മരിച്ച എല്ലാവരുടെയും മൃതദേഹം കണ്ടെത്തുമെന്നാണ് ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചെളി മൂടിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഫ്രഞ്ച് സംഘം ഇവിടെയെത്തിയത്.
തകര്‍ന്നടിഞ്ഞു കിടക്കുന്ന പെട്ടോബോ നഗരത്തിലാണ് പോംപിയേഴ്സ് ഹ്യൂമാനിറ്റെയേഴ്സ് ഫ്രോന്സൊ സംഘത്തിന്റെ ആദ്യ ദൗത്യം. നോക്കെത്താദൂരത്തോളം ചെളിയില്‍ പുതഞ്ഞു കിടക്കുകയാണ് പ്രദേശം. ഉണങ്ങിക്കിടക്കുന്ന ഈയിടത്തിലൂടെ നീങ്ങി മണ്ണില്‍ നിന്നു നീണ്ടു നില്ക്കുന്ന മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയാണ് ആര്‍ണോള്‍ഡ് ആലിബെര്ട്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം. കാണാന്‍ സാധിക്കുന്ന മൃതദേഹങ്ങളെല്ലാം മാറ്റിയാല്‍ മാത്രമേ പിന്നാലെ യന്ത്ര സംവിധാനങ്ങള്‍ ഇവിടെ എത്തിക്കാനാകൂ. ആഴത്തില്‍ കുഴിയെടുത്ത് ചെളി വാരി മാറ്റുന്ന യന്ത്രങ്ങളാണു വരാനിരിക്കുന്നത്.
പെട്ടോബോയിലെയും പലുവിനു വടക്കു പ്രദേശങ്ങളിലെയും മണ്ണാണ് അസാധാരണമായി കുഴമ്പു പരുവത്തിലായത്. നൂറു മീറ്ററോളം ആഴത്തില്‍ ചെളി പുതഞ്ഞു കിടക്കുന്നയിടങ്ങളും ഇവിടെയുണ്ട്. ഇവ വൃത്തിയാക്കിയെടുക്കാന്‍ 4-5 മാസങ്ങളെടുക്കും. പ്രത്യേകം മണ്ണുമാന്തി യന്ത്രങ്ങള്‍ അതിന് ആവശ്യമായി വരും. അപ്പോഴും മൃതദേഹങ്ങള്‍ താഴെ കിടക്കുന്നതിനാല്‍ സൂക്ഷ്മതയോടെ മാത്രമേ കുഴിക്കല്‍ സാധ്യമാകൂ. അതിനുള്ള വഴിയൊരുക്കുകയാണ് ഫ്രഞ്ച് സംഘം ഇപ്പോള്‍ ചെയ്യുന്നത്. സൂനാമി ആഞ്ഞടിച്ച സുലവെസി ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത് ഇപ്പോഴും ദുരിതമയമാണ്. പലു നഗരത്തിലായിരുന്നു ഏറ്റവുമധികം നാശനഷ്ടം
മൃതദേഹം പലതും ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ പകര്‍ച്ചവ്യാധികളെക്കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. പലയിടത്തു നിന്നും ജനങ്ങളുടെ ശരീരഭാഗങ്ങളാണു ലഭിക്കുന്നത്. ഇതും രക്ഷാപ്രവര്‍ത്തകര്‍ക്ക് രോഗഭീഷണി ഉയര്‍ത്തുന്നുണ്ട്. എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും വാക്സിനേഷന് നല്കി. ആവശ്യത്തിനു ചികിത്സാ സൗകര്യങ്ങളും മേഖലയില്‍ ലഭ്യമാക്കാനാകുന്നില്ല. പല ആശുപത്രികളിലും ആവശ്യത്തിനു ജീവനക്കാരുമില്ല.
പലു വിമാനത്താവളത്തിലെ അസൗകര്യങ്ങളും രാജ്യാന്തര സഹായം വൈകുന്നതിനു കാരണമാകുന്നുണ്ട്. തങ്ങളുടെ വേണ്ടപ്പെട്ടവരെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം നിയന്ത്രണാതീതമാകുന്നതാണ് പകര്‍ച്ചവ്യാധി ഭീഷണി കൂട്ടുന്നത്. രണ്ടു ലക്ഷത്തിലേറെ പേര്‍ക്കെങ്കിലും ഇന്തൊനീഷ്യയില്‍ സഹായം എത്തിക്കണമെന്നാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയത്.
Post Your Comments