ന്യൂഡല്‍ഹി: എല്ലാവരും അടുത്ത തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകാന്‍ റെഡിയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുന്ന ഇലക്ഷനില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാല്‍ കാര്യങ്ങള്‍ എങ്ങിനെ ശരിയാക്കാമെന്ന് കാണിച്ചുകൊടുക്കാമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് പലതരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ നേരിടേണ്ടതിനു പകരം മോഡി കോണ്‍ഗ്രസിന്റെ നയങ്ങളെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇതാദ്യമായല്ല പ്രധാനമന്ത്രിയാകാനുള്ള താല്‍പ്പര്യം രാഹുല്‍ പ്രകടിപ്പിക്കുന്നത്. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകാന്‍ തയ്യാറാണെന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ബെര്‍കിലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ പറഞ്ഞിരുന്നു. പിന്നാലെ ഈ വര്‍ഷം ആദ്യം നടന്ന കര്‍ണാടക തെരഞ്ഞെടുപ്പിലും ഇക്കാര്യത്തിലുള്ള സൂചന രാഹുല്‍ നല്‍കി. ബിജെപിയ്ക്ക് എതിരേ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തു കൂടിയപ്പോള്‍, തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കു എന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്.
മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞതിന് തൊട്ടു പിന്നാലെ 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുമെന്ന് രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും രണ്ടു തരം രാഷ്ട്രീയമാണെന്നാണ് രാഹുല്‍ ഇക്കാര്യത്തില്‍ പറഞ്ഞ ന്യായീകരണം. ദേശീയ രാഷ്ട്രീയത്തില്‍ ബിഎസ്പിയും കോണ്‍ഗ്രസും കൈകോര്‍ക്കുമെന്നും പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം സംബന്ധിച്ച ചോദ്യത്തിന് എല്ലാവരുടേയും സമ്മതം ഉണ്ടായാല്‍ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments