തിരുവനന്തപുരം: അനധികൃതമായി പെന്‍ഷന്‍ കൈപറ്റുന്നവരെ കണ്ടെത്തിയതില്‍ സര്‍ക്കാരിനു പാളിച്ച പറ്റി. മരിച്ചെന്നും 1000 സിസി എന്‍ജിന്‍ ശേഷിയുള്ള വാഹനമുണ്ടെന്നുമുള്ള കാരണം പറഞ്ഞ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ പറ്റുന്ന 2467 പേരെയാണ് കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ 2000 പേരും പെന്‍ഷന് അര്‍ഹരാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഓണത്തിന് അര്‍ഹരായ ഒട്ടേറെ പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്. പുതിയ കണക്കു പ്രകാരം പെന്‍ഷന്‍ മുടങ്ങിയവരില്‍ 11 പേര്‍ മാത്രമേ മരിച്ചുള്ളൂവെന്നും 31 പേര്‍ക്കു മാത്രമേ വാഹനമുള്ളൂവെന്നുമാണു കണ്ടെത്തല്‍.
അഞ്ചുതരം ക്ഷേമ പെന്‍ഷനുകളാണ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്യുന്നത്. 74,649 പേരായിരുന്നു അര്‍ഹതാപ്പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ 2467 പേര്‍ക്കു കഴിഞ്ഞ ഓണത്തിനു പെന്‍ഷന്‍ ലഭിച്ചില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്, സര്‍ക്കാര്‍ രേഖകളില്‍ മരിച്ചുപോയെന്നും നാലു ചക്ര വാഹനമുണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാാണ് ഇതില്‍ തുടരന്വേഷണം നടത്താന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ നേരിട്ടു വിവര ശേഖരണം നടത്തിയപ്പോഴാണ് മുന്‍ സര്‍വേയിലെ ക്രമക്കേടു പുറത്തായത്. തുടര്‍ന്ന് അര്‍ഹതയുണ്ടെന്നു കണ്ടെത്തിയ രണ്ടായിരത്തില്‍ 700 പേര്‍ക്കു പെന്‍ഷന്‍ വിതരണം ചെയ്‌തെന്നു അധികൃതര്‍ വ്യക്തമാക്കി.
Post Your Comments