തൊടുപുഴ : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിറഞ്ഞുകിടക്കുന്നതും നിറയാറായതുമായ ഡാമുകള്‍ തുറന്നുവിട്ടു തുടങ്ങി. മഹാപ്രളയം പോലുള്ള ദുരന്തം ഒഴിവാക്കാനാണിത്.ഇന്നലെ മാത്രം തുറന്നത് ജലസേചന വകുപ്പിന്റെ ഉള്‍പ്പെടെ ഏഴ് ജലസംഭരണികളാണ്. ഇതോടെ തുറന്നിരിക്കുന്ന ഡാമുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു. പമ്പ, കക്കി, ആനത്തോട്, തെന്മല, ബാണാസുര സാഗര്‍, കക്കയം, അരുവിക്കര ഡാമുകളാണ് ഇന്നലെ തുറന്നത്.
മഴയുടെ അളവ് പരിശോധിച്ച് ഇടുക്കി ജലസംഭരണി ഇന്ന് രാവിലെ തുറക്കും. ഇന്നലെ രാവിലെ ചെറുതോണി അണക്കെട്ടിന് മുകളില്‍ കണ്ട്രോള് റൂം തുറന്നു.ഇടുക്കിയിലെ മലങ്കര, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, പൊന്മുടി, ആനയിറങ്കല്‍, തിരുവനന്തപുരത്തെ നെയ്യാര്‍, പേപ്പാറ, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍, ചിമ്മിനി, പീച്ചി, ഷോളയാര്‍, പാലക്കാട് ജില്ലയിലെ പോത്തുണ്ടി, മലമ്പുഴ, മംഗലം എന്നിവ കഴിഞ്ഞ ദിവസം തന്നെ തുറന്നിരുന്നു. പമ്പയില്‍ ആറ് ഷട്ടറും ആനത്തോടില്‍ നാല് ഷട്ടറും തുറന്നുവെച്ചിരിക്കുകയാണ്.
അരുവിക്കര ഡാമിന്റെ ഒരു ഷട്ടര്‍ 90 സെമീ ഇന്നലെ ഉയര്‍ത്തി. ഇടുക്കിയിലെ മലങ്കര ജൂലൈ പത്തിന് തുറന്നതിന് ശേഷം പിന്നീട് അടച്ചിട്ടില്ല. ഇന്നലെ ജലനിരപ്പ് 40.62 മീറ്ററെത്തിയതോടെ ആറു ഷട്ടറുകളും ഉയര്ത്തി്. ഇന്നലെ മാത്രം മൂന്ന് ഷട്ടറുകളാണ് തുറന്നത്. പൊന്മുടിയില് രണ്ട് ഷട്ടറുകള്‍ 30 സെമീ വീതവും മാട്ടുപ്പെട്ടിയില്‍ രണ്ട് ഷട്ടറുകള്‍ രണ്ടര അടി വീതവും തുറന്ന് വച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അരയടി വീതം തുറന്നത്. തുടര്‍ന്ന് ഒന്നര അടി വരെ ഉയര്‍ത്തി. തെന്മല ഡാമിന്റെ മൂന്നുഷട്ടറുകളാണ് മുപ്പത് സെന്റീമീറ്റര്‍ വീതം തുറന്നത്. ഇന്നലെ രാവിലെ 9ന് ആദ്യം അഞ്ച് സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍ തുറന്നത്.
Post Your Comments