തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് മഴ ശക്തമാകും. ആറ് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാംകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം തുടരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നൽ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ ജാഗ്രത പാലിക്കണം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാനും ശ്രദ്ധിക്കണം. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കേണ്ടതുണ്ട്. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11:30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. ഇന്ന് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
അതേസമയം ഗൾഫ് ഓഫ് മന്നാറിനും അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരത്തും അറബിക്കടലിന്‍റെ മധ്യഭാഗങ്ങളിലും, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാ തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
Post Your Comments