KeralaLatest News

മര്‍ച്ചന്റ് ഷിപ്പുകളും വിമാനങ്ങളും ഒമാന്‍ തീരത്തുള്ള ബോട്ടുകള്‍ക്ക് സന്ദേശം നല്‍കും

തിരുവനന്തപുരം•മത്സ്യബന്ധനത്തിനായി ഒമാന്‍ തീരത്തേക്ക് പോയ 152 ബോട്ടുകള്‍ക്ക് മുന്‍കരുതല്‍ സന്ദേശം നല്‍കാന്‍ മര്‍ച്ചന്റ് ഷിപ്പുകളുടെയും കോസ്റ്റ് ഗാഡിന്റെ ഡോണിയന്‍ വിമാനങ്ങളുടെയും സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അിറയിച്ചു.

ഒമാന്‍ തീരത്തേക്ക് പോയ ബോട്ടുകളുടെ സ്ഥാനം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കേരള രജിസ്‌ട്രേഷനുള്ള ബോട്ടുകള്‍ ഒമാന്‍ തീരത്തേക്ക് പോയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ബോട്ടുകളാണ് ഒമാന്‍ തീരത്തേക്ക് പോയതായി കരുതുന്നത്. ബോട്ടുകളില്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

സംസ്ഥാനവേര്‍തിരിവുകളില്ലാതെ മുന്‍കരുതല്‍ സന്ദേശം നല്‍കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷയ്ക്കാണ് മുന്‍തൂക്കം. മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതമായി തിരിച്ചു എത്തുകയോ, അടുത്തുള്ള ഏതെങ്കിലും സുരക്ഷാ കേന്ദ്രങ്ങളില്‍ എത്തുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഒമാന്‍ തീരത്തേക്ക് പോയ ബോട്ടുകളില്‍ സാധാരണരീതിയില്‍ സന്ദേശം എത്തിക്കാന്‍ കഴിയാത്തതിനാലാണ് അത് വഴി കടന്നുപോകുന്ന മര്‍ച്ചന്റ് കപ്പലുകളുടെ സഹായം തേടിയത്. ഇത്തരം കപ്പലുകളിലെ ഹൈ ഫ്രീക്ക്വന്‍സി റേഡിയോ സംവിധാനം വഴി ഒമാന്‍ തീരത്തുള്ള ബോട്ടുകള്‍ക്ക് സന്ദേശം നല്‍കാനാവും. മര്‍ച്ചന്റ് ഷിപ്പുകളുടെ സഹായത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗുമായി ബന്ധപ്പെട്ടിട്ടുണ്ട്.

താഴ്ന്ന് പറന്ന് സന്ദേശം നല്‍കാന്‍ കഴിയുന്നതിനാലാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, സന്നദ്ധ സംഘടനകള്‍ വഴി സന്ദേശം നല്‍കിയിട്ടുണ്ട്. ബോട്ടുകള്‍ ഒക്‌ടോബര്‍ അഞ്ചിന് തിരിച്ചെത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. ധാരാളം ബോട്ടുകള്‍ മടങ്ങി വന്നിട്ടുണ്ട്.

ഒക്‌ടോബര്‍ രണ്ട് മുതല്‍ സുരക്ഷാ സന്ദേശം നല്‍കുന്നതിനുള്ള സംവിധാനം തുടങ്ങിയിരുന്നു. അറബിക്കടലില്‍ ഒക്‌ടോബര്‍ ആറിനാണ് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഏഴ്, എട്ട് തിയതികളില്‍ ഇത് ശക്തി പ്രാപിച്ച് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അിറയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button