തിരുവനന്തപുരം: നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ലോകത്തോട് വിടപറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ‘നിലയില്‍ പുരോഗതിയുണ്ട്, ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്, ഭര്‍ത്താവിന്‍റെയും കുട്ടിയുടെയും മരണവിവരം അറിയിച്ചിട്ടില്ലെന്നുമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25നായിരുന്നു ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്.
ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു.അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. രണ്ടിന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്‍റെ മരണം.
ലക്ഷ്മിക്കൊപ്പം വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്. അര്‍ജുന്‍ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടമുണ്ടായത്. ബാലഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലുമായി പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ബാലുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ആയിരങ്ങളെ സാക്ഷിയാക്കി മൂന്നിന് ബാലഭാസ്കറിന്‍റെ സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.
Post Your Comments