പുതുക്കാട്: ദുരിതാശ്വാസ ഫണ്ടിന്റെ വ്യാജപണപ്പിരിവ് നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് ഇവര്‍ പിരിവ് നടത്തിയത്. കാഞ്ഞാണി എസ്എന്‍ പാര്‍ക്ക് വെണ്ടൂരുത്തി വീട്ടില്‍ ബാബു (60), കല്ലൂര്‍ കോട്ടായി മേലേപുരക്കല്‍ നിര്‍മല (60) എന്നിവരാണ് പണപ്പിരിവ് നടത്തിയത്. പൊലൂഷന്‍ കണ്‍ട്രോള്‍ ഫെഡറേഷന്‍ എന്ന പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇവര്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. കൂടാതെ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ്്, ലെറ്റര്‍പാഡ് എന്നിവയില്‍ സര്‍ക്കാര്‍ ലോഗോയും ഇവര്‍ ഉള്‍പ്പെടുത്തിയിരുന്നു.
നിരവധി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ദുരിതാശ്വാസഫണ്ടിലേയ്ക്ക് പണം ശേഖരിക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം എത്തിയതാണെന്നാണ് ഇവര്‍ സ്ഥാപനങ്ങളെ സമീപിച്ചത്.ശനിയാഴ്ച ചിറ്റിശേരിയിലുള്ള ഓം ശങ്കര്‍, സ്മരണ എന്നീ ഓട്ടുകമ്പനികളില്‍ നിന്നു 10,000 രൂപ വീതം ഇവര്‍ തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് മറ്റൊരു സ്ഥാപനത്തില്‍ എത്തിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നു.
അതേസമയം ഓട്ടുകമ്പനിക്കാര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ എത്തിപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തായത്. തുടര്‍ന്ന് ആളുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലും കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസിലും പരാതികള്‍ നല്‍കുകയായിരുന്നു. പുതുക്കാട് എസ്എച്ച്ഒ എസ്.പി.സുധീരന്‍, എസ്‌ഐ കെ.എന്‍.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പുകാരെ പിടികൂടിയത്.
Post Your Comments