അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് കിട്ടിയത് 13 കോടിയിലേറെ രൂപ (70 ലക്ഷം ദിർഹം). കാസർകോട് ദേലംപാടി പഞ്ചായത്തിലെ മയ്യള സ്വദേശി മുഹമ്മദ് കുഞ്ഞി മയ്യളത്താണ് ആ ഭാഗ്യവാൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഏറെ നാളായി സ്വപ്നം കാണുന്ന വീട് ഉണ്ടാക്കണമെന്നാണ് ആഗ്രഹം. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനും പദ്ധതിയുണ്ട്. എന്റെ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടായിരിക്കുകയാണ്. അതിനു കാരണം ബിഗ് ടിക്കറ്റ് ആണ്. ഇനി സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം. മറ്റുള്ളവരെ സഹായിക്കണമെന്നും മനസിലുണ്ടെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു. കഴിഞ്ഞ 15 വർഷമായി അബുദാബിയിൽ ജീവിക്കുന്ന ഇദ്ദേഹം തനിച്ചാണ് സൂപ്പർ 7 സീരീസ് 196 നറുക്കെടുപ്പിൽ പങ്കെടുത്തത്
ഒരു ഭാഗ്യം തന്നെ തേടി വന്നപ്പോൾ ഒപ്പം ജോലി ചെയ്തിരുന്ന തന്റെ സഹോദരനെ പോലെ കണ്ടിരുന്ന വ്യക്തിയെയും മുഹമ്മദ് മറന്നില്ല. കിഡ്നി തകരാറിലായ സുഹൃത്തിന്റെ ചികിത്സാ ചിലവ് വഹിക്കാനാണ് മുഹമ്മദിന്റെ തീരുമാനം. ഇരു കിഡ്നിയും തകരാറിലായതിനെ തുടർന്ന് സുഹൃത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അബുദാബി വിമാനത്താവളത്തിൽ നടന്ന 196 സീരീസിലെ നറുക്കെടുപ്പിലാണ് കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക് കൊണ്ടുവന്നത്. മുഹമ്മദ് കുഞ്ഞി എടുത്ത 121013 എന്ന ടിക്കറ്റാണു ഭാഗ്യം കൊണ്ടുവന്നത്.
Post Your Comments