അഞ്ജു പാര്‍വതി പ്രഭീഷ്
പഴകിയ നയങ്ങളെ വീഞ്ഞാക്കി മാറ്റുന്ന ഇടതുസർക്കാരിന്റെ മാന്ത്രികവിദ്യ കണ്ട് പകച്ചുനില്ക്കുകയാണ് കേരളജനത.പൂട്ടികിടന്ന ബാറുകൾ തുറന്നുകൊടുക്കാനായി കോഴവാങ്ങിയെന്നാരോപിച്ച് കെ.എം മാണിക്കെതിരെ ഇടതുമുന്നണി നടത്തിയ സമരമുറകൾ കണ്ട് ഞെട്ടിയത് മലയാളികൾ മാത്രമായിരുന്നില്ല.കേരളനിയമസഭയിൽ ബജറ്റവതരണത്തിനെതിരെ നടന്ന ശിവതാണ്ഡവവും കടിപിടികോലാഹലങ്ങളും കണ്ട് വിദേശികൾ പോലും പകച്ചുപണ്ടാരമടങ്ങിയിരുന്നു.ആഷിക്അബുവിന്റെ നേതൃത്വത്തിലുള്ള എന്റെ വക അഞ്ഞൂറ് കാമ്പയിനുകൾ സോഷ്യൽമീഡിയയിൽ നുരഞ്ഞുപൊന്തിയ ലഹരിയായി മാറിയതും കേരളം കണ്ടതാണ്.ഇത്തരം ശക്തമായ രാഷ്ട്രീയയുദ്ധങ്ങൾ യു.ഡി.എഫ് സർക്കാരിനെതിരെ നടത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അധികാരത്തിലെത്തിയത്.അതേ സർക്കാർ തന്നെ അതേ ബാറുകളിൽ വില്ക്കുന്ന മദ്യം നിർമിക്കാൻ കമ്പനികളെ യഥേഷ്ടം അനുവദിക്കുന്ന വൈരുദ്ധ്യാത്മക ഭൗതികവാദമാണ് കേരളം ഇന്ന് ചർച്ച ചെയ്യുന്നത്.കാരണവർക്ക് അടുപ്പിലും ആകാമല്ലോ!
നടപടിക്രമങ്ങൾ പാലിക്കാതെയും ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ഒന്നും ചർച്ചചെയ്യാതെയും സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചതിനൂ പിന്നിലുള്ള വൻ ക്രമക്കേട് ചർച്ചചെയ്യേണ്ടതു തന്നെയാണ്.കേരളത്തിൽ കഴിഞ്ഞ 19 വർഷമായി പുതിയ മദ്യനിർമ്മാണശാലകൾ അനുവദിച്ചിട്ടില്ല.1999ൽ നായനാ൪ മന്ത്രിസഭയെടുത്ത തീരുമാനത്തെ പിന്നീട് വന്ന സർക്കാരുകളെല്ലാം തന്നെ നയമായി അംഗീകരിക്കുകയും പാലിക്കുകയും ചെയ്തിടത്താണ് മദ്യനയം തെരെഞഞ്ഞെടുപ്പ് ആയുധമാക്കി അധികാരത്തിലേറിയവർ തന്നെ വിരുദ്ധമായി പ്രവർത്തിക്കുന്നത്.ഇതാണോ ജനാധിപത്യമൂല്യമുള്ള ഒരു സർക്കാർ ചെയ്യേണ്ട രീതി?
റിലയൻസ് ജിയോയെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചതിനെതിരെ പോരാടുന്നവർ തന്നെ വില്ലേജോ സർവ്വേ നമ്പരോ പോലും പറയാൻ കഴിയാത്ത ശ്രീചക്രാ സിസ്റ്റിലറിയെ കണ്ടില്ലെന്നു നടിക്കുന്നതാണ് ഇരട്ടത്താപ്പ്.1999ൽ മന്ത്രിസഭാ തിരുമാനപ്രകാരമാണ് സംസ്ഥാനത്ത് പുതിയ മദ്യനിർമ്മാണശാലകൾക്ക് അനുമതി നല്കേണ്ടതില്ലെന്ന ഉത്തരവിറക്കിയത്.വീണ്ടും മന്ത്രിസഭാ തീരുമാനത്തിലൂടെ മാത്രമേ മറിച്ച് നടപടി സ്വീകരിക്കാൻ കഴിയൂവെന്ന് റൂൾസ് ഓഫ് ബിസിനസ് സെക്ഷൻ 20 വ്യക്തമാക്കുന്നുമുണ്ട്.1999ലെ ഉത്തരവിൽ മാറ്റങ്ങൾ വരുത്തി മാത്രമേ മദ്യനിർമ്മാണശാലകൾക്ക് അനുമതി നല്കാൻ സാധിക്കൂവെന്നത് എക്സൈസ് കമ്മിഷണറും ചൂണ്ടിക്കാണിച്ചിരുന്നതല്ലേ?ഈ മാനദണ്ഡകളെല്ലാം കാറ്റിൽപ്പറത്തുകയല്ലേ പിണറായി സർക്കാർ?സർക്കാർ ഇടപാടുകൾ ജനങ്ങൾക്ക് മുന്നിൽ സുതാര്യമായിരിക്കേണ്ടതല്ലേ?ഈ സുതാര്യത ഇല്ലാതെ പോയതുകൊണ്ടുമാത്രമല്ലേ ഈ വിവാദമിങ്ങനെ നുരഞ്ഞുപൊന്തുന്നത്.മദ്യനയം ആയുധമാക്കി തെരഞ്ഞെടുപ്പ് വിജയിച്ച കൂട്ടർ തന്നെ അതേ മദ്യത്തെ രഹസ്യഅജണ്ടയാക്കി നടത്തുന്ന വൻ ക്രമക്കേട് ചോദ്യംചെയ്യുകയെന്നുള്ളത് ജനാധിപത്യവ്യവസ്ഥിതിയെ വിശ്വസിക്കുന്ന ഓരോ പൗരന്റെയും കടമയാണ്.അതുകൊണ്ട് തന്നെ അവരുടെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറഞ്ഞേ തീരൂ.
Post Your Comments