ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നിരവധിപേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി കഴിഞ്ഞു. ശബരിമലയിലെ നിലവിലെ ആചാരനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തുന്നതില്‍ വിശ്വാസികള്‍ക്ക് യോജിപ്പില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലത്തിനും മുന്‍പേ പിറന്ന ഒരു മ്യൂസിക് വീഡിയോയാണ് ഈയവസരത്തില്‍ ശ്രദ്ധേയമാകുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയതാണ് ഈ മ്യൂസിക് വീഡിയോ.
‘അഭിനവ മോഹിനികള്‍ ചിലമ്പണിഞ്ഞൊരുങ്ങുന്നു
പൂങ്കാവനത്തിങ്കല്‍ നടനമാടാന്‍…
വില്ലെടുക്കൂ സ്വാമീ, ഒന്നുണരൂ വീരാ…
അവരുടെ അഹന്തയ്‌ക്കൊരറുതിയാക്കാന്‍…’
നമ്മുടെ നാട് നേരിടുന്ന മറ്റെല്ലാ പ്രശ്‌നങ്ങളും പൂര്‍ണ്ണമായും പരിഹരിച്ച് തീര്‍പ്പാക്കിയതിനു ശേഷം, ”ശബരിമലയിലെ സ്ത്രീ സ്വാതന്ത്ര്യം” എന്ന പുത്തന്‍ പുതിയ നാടകവുമായി കേരളത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ തയ്യാറെടുക്കുന്ന ”അഭിനവമോഹിനി”കള്‍ക്കുള്ള ശക്തമായ താക്കീതാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ മ്യൂസിക് വീഡിയോ. ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ ”തിരുവാഭരണം” എന്ന അയ്യപ്പഭക്തിഗാന സമാഹാരത്തിലെ ”അഭിനവമോഹിനികള്‍” എന്ന ഏറ്റവും രസകരമായ ഗാനത്തിന്റേതാണ് വീഡിയോ. വിജയന്‍ ഈസ്റ്റ് കോസ്റ്റ് സംവിധാനം നിര്‍വ്വഹിച്ച മ്യൂസിക് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനില്‍ നായരാണ്. സന്തോഷ് വര്‍മ്മ എഴുതിയ പ്രസ്തുത ഗാനം സംഗീതം നിര്‍വ്വഹിച്ച് ആലാപിച്ചത് ‘ജയവിജയ’ സഹോദരന്മാരില്‍ ജയനാണ്.
ആചാര-വിശ്വാസ പ്രകാരം യൗവനയുക്തയായ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധ്യമായ ശബരിമലയില്‍, തലതിരിഞ്ഞ നവീന ആശയങ്ങളുടെ ബലത്തില്‍ തലയും കുത്തി ഓടിക്കയറും എന്ന് ശപഥം ചെയ്തിരിക്കുകയാണ് ചില മഹിളാരത്‌നങ്ങള്‍. അവരെ ചാട്ടവാറിന് അടിക്കുന്നത് പോലെയാണ് ”അഭിനവമോഹിനകള്‍” എന്ന ഗാനത്തിലെ ഓരോ വരികളും. ജയന്‍ മാഷിന്റെ ശബ്ദത്തില്‍, വളരെ ഉറച്ച ഭാവത്തോടെ, അത് കേള്‍ക്കുമ്പോള്‍ ഉദ്ദേശശുദ്ധിയും വ്യക്തം. ജാതി-മത-ലിംഗ ഭേദമന്യേ, യഥാര്‍ത്ഥ വിശ്വാസികള്‍ എല്ലാ തരക്കാരുടെയും ആചാരാനുഷ്ഠാനങ്ങളെ ബഹുമാനപൂര്‍വ്വം അംഗീകരിക്കുമ്പോള്‍, ചിലര്‍ക്ക് എന്തിനെയും എതിര്‍ത്ത് പ്രവര്‍ത്തിക്കുക എന്നത് ഒരു വിനോദമായി മാറുകയാണ് നമ്മുടെ നാട്ടില്‍. ഇവരുടെയൊക്കെ വിചാരം സ്വാതന്ത്ര്യം എന്നാല്‍ ”ആയിരത്തില്‍ ഒരുവന്‍” എന്ന പദവി നേടുക എന്നാണ്. പോസിറ്റിവ് അര്‍ത്ഥത്തിലല്ല, 999 പേര്‍ നല്ലതെന്ന് പറയുന്ന ഏതെങ്കിലും ഒരു കാര്യത്തെ ദൂരെ മാറി നിന്ന് എതിര്‍ക്കുന്ന ആ ഒരാള്‍, ആ രീതിയില്‍ ആയിരത്തില്‍ ഒരുവന്‍ / ഒരുവള്‍! അത്തരക്കാര്‍ക്ക് സാമാന്യബോധവും , പൊതുജനചിന്തയുമൊക്കെ ചിറി കോട്ടി ചിരിച്ചു കളയാനുള്ള വെറും തമാശകള്‍ മാത്രമാണ്.
ശബരിമല എന്നത് വെറുമൊരു തീര്‍ത്ഥാടന കേന്ദ്രം മാത്രമല്ല. കാലങ്ങളായി, ഒരുപാടൊരുപാട് ഭക്തരുടെ ചിന്തകള്‍ ചേര്‍ന്ന് ഏകോപിപ്പിക്കപ്പെട്ട ചില പ്രത്യേക വിശാസങ്ങള്‍ കുടികൊള്ളും ഇടമാണ്. പരമ്പരാഗതമായ ആചാരങ്ങളുടെ ബലത്തോടെ അത് ഇന്നും പരിശുദ്ധമായി നിലനില്‍ക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് ശബരിമലയ്ക്ക് സംരക്ഷണം നല്‍കുന്നു എന്നതാണ് സത്യം. അല്ലാതെ, അവിടെ സര്‍ക്കാര്‍ നിയമങ്ങള്‍ക്കോ, കോടതി നിര്‍ദ്ദേശങ്ങള്‍ക്കോ പോലും സ്ഥാനമില്ലെന്നിരിക്കെ, ഈ പറഞ്ഞ അഭിനവ മോഹിനികള്‍ക്ക് അവിടെ എന്ത് വിലയാണ് കൊടുക്കേണ്ടത് ? പണ്ട് ക്ഷേത്ര പ്രവേശനം എന്ന മഹത്തായ വിപ്ലവം നടന്ന കാലത്തു പോലും, ആചാരങ്ങളെയോ വിശാസങ്ങളെയോ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എവിടെയും നടന്നു കണ്ടില്ല. ഇതിപ്പോള്‍ ജീവിതത്തിലെ ”തൃപ്തി”യില്ലായ്മ കാരണം, പാവപ്പെട്ട വിശ്വാസികളുടെ സംതൃപ്തി കളയാനായി ചിലര്‍ ഒരുമ്പെട്ടിറങ്ങുകയാണ്. എന്ത് വില കൊടുത്തും അത് തടയുക തന്നെ വേണം.
ലോകം പുരോഗമിക്കുകയാണ്, ജീവിത നിലവാരവും ബന്ധപ്പെട്ട രീതികളും അതിനൊത്ത് മാറുകയാണ്. പക്ഷെ അതിന്റെ അര്‍ത്ഥം, ആചാരാനുഷ്ഠാനങ്ങളെ അറുത്തു മുറിച്ച്, പടിയടച്ച് പിണ്ഡം വയ്ക്കണം എന്നാണോ ? വിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമായിത്തീരുന്നു എന്ന അവസ്ഥ വന്നാല്‍ എല്ലാവരും അവിടെ ഇടപെടണം, തിരുത്തല്‍ നടപടികള്‍ എടുക്കണം. അല്ലാതെ അവിശ്വാസികള്‍ക്ക് എല്ലിന്റെ ഇടയില്‍ കൊഴുപ്പ് കയറുന്ന സമയത്തെല്ലാം, അവരുടെ പേക്കൂത്തിന് കുടപിടിച്ചു കൊടുക്കേണ്ട ആവശ്യമുണ്ടോ ? അവിശ്വാസികളുടെ വിശ്വാസമില്ലായ്ക്കുള്ള അതേ പ്രാധാന്യം തന്നെയാണ് വിശ്വാസികളുടെ വിശ്വാസത്തിനും! ഇതിന്റെയൊക്കെ മാനദണ്ഡം ”ഇഷ്ടമുണ്ട്”, ”ഇഷ്ടമില്ല” എന്നിങ്ങനെ രണ്ട് തട്ടുകളാണ് , അല്ലാതെ ”ഉണ്ട്”, ”ഇല്ല” എന്ന സമ്പൂര്‍ണ്ണ മിഥ്യാ ബോധമല്ല. ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഈശ്വരന്‍ എന്നത് മനസ്സില്‍ കുടികൊള്ളുന്ന ഒരു ബോധമാണ്. ചിലര്‍ക്ക് അത് കാണാന്‍ കഴിയാതെ, അമ്പലങ്ങള്‍ തേടി പോകുന്നു. അവിടത്തെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ് അവര്‍ മനസായൂജ്യം നേടുന്നു. രണ്ടിന്റെയും ഫലം ഒന്ന് തന്നെ. ഭക്തി എന്നത് ഈ രണ്ട് വിഭാഗങ്ങളില്‍ ഒന്നില്‍ പെടണം. അല്ലാതെ, ന്യൂ ജനറേഷന്‍ എന്ന പ്ലക്കാര്‍ഡും പൊക്കിപ്പിടിച്ചു കൊണ്ട് ഭക്തിനാടകം നടന്നുവരെ ഇതില്‍ പെടുത്താന്‍ കഴിയില്ല.
ഇക്കാലത്ത് ഏറ്റവും ആവശ്യമുള്ള സമയത്ത് തന്നെയാണ് ”അഭിനവമോഹിനികള്‍” എന്ന ഈ മ്യൂസിക് വീഡിയോ വൈറലാകുന്നതെന്നാണ് പൊതുവേയുള്ള കമന്റുകള്‍.
സുരേഷ് കുമാര്‍ രവീന്ദ്രന്‍
Post Your Comments