പന്തളം∙ ഹൈന്ദവാചാരങ്ങൾ അരക്കിട്ടുറപ്പിക്കാൻ കേരളത്തെ ഞെട്ടിച്ച് പതിനായിരങ്ങൾ അണിനിരന്ന ശരണമന്ത്ര ഘോഷയാത്ര. ഘോഷയാത്രയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. അസംഖ്യം തിരുവാഭരണ ഘോഷയാത്രകൾ ഒന്നിച്ചാലുള്ളതു പോലെ ഒഴുകിയ ജനപ്രളയം പന്തളത്തെ പ്രകമ്പനം കൊള്ളിച്ചു. മെഡിക്കൽ മിഷൻ ജംക്‌ഷനിൽ 4 മണിക്കാണ് ഘോഷയാത്ര പുറപ്പെടാൻ തീരുമാനിച്ചിരുന്നതെങ്കിലും ഉച്ച മുതൽ തന്നെ വിവിധ ജില്ലകളിൽ നിന്ന് ഭക്തർ ശരണംവിളികളുമായി എത്തിയിരുന്നു.
4.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര പുറപ്പെട്ടു. ശരണമന്ത്രമല്ലാതെ മറ്റൊന്നും ഉയർന്നുകേട്ടില്ല. ഇടയ്ക്കു പെയ്ത മഴയും ഘോഷയാത്രയെ തടസ്സപ്പെടുത്തിയില്ല. ഘോഷയാത്ര കാണാൻ മെഡിക്കൽ മിഷൻ ജംക്‌ഷൻ മുതൽ മണികണ്ഠനാൽത്തറ വരെ കാത്തുനിന്ന സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് വിശ്വാസികളും യാത്ര കടന്നു പോയതിനൊപ്പം കൂടിയതോടെ മണികണ്ഠനാൽത്തറ ജംക്‌ഷനും വലിയകോയിക്കൽ ക്ഷേത്ര റോഡും ഇടവഴികളുമെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു.
അപ്പോഴും മെഡിക്കൽ മിഷൻ ജംക്‌ഷനിൽ നിന്നു ഭക്തർ മുഴുവൻ ചലിച്ചു തുടങ്ങിയിരുന്നില്ല.എൻഎസ്എസിന്റെ പിന്തുണയും പ്രാതിനിധ്യവും ഘോഷയാത്രയിൽ പ്രകടമായിരുന്നു. ഘോഷയാത്ര പന്തളം ജംക്‌ഷൻ കഴിഞ്ഞതോതോടെ ജനപ്രളയമായി. യാത്ര മണികണ്ഠനാൽത്തറ താണ്ടി മേടക്കല്ലും കടന്നു പുത്തൻ പൂമുഖം കൊട്ടാരാങ്കണത്തിൽ എത്തിയപ്പോൾ നിൽക്കുന്നിടത്തു നിന്ന് അനങ്ങാൻ പോലും കഴിയാത്തവിധം ജനംതിങ്ങിനിറഞ്ഞു. അപ്പോഴും ശരണം വിളികൾഉയർന്നുകൊണ്ടേയിരുന്നു..
ഘോഷയാത്രയിൽ എഴുന്നള്ളിച്ച അയ്യപ്പ വിഗ്രഹം വേദിയിൽ സ്ഥാപിച്ചശേഷം സമ്മേളനം ശാന്താനന്ദമഠം സ്വാമിനി ജ്ഞാനാഭിനിഷ്ഠ ഉദ്ഘാടനം ചെയ്തു.തന്ത്രി കണ്ഠര് മോഹനര്, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, രാഹുൽ ഈശ്വർ, പി.സി. ജോർജ് എംഎൽഎ, നടൻ ദേവൻ, പീപ്പിൾസ് ഫോർ ധർമ അധ്യക്ഷ ശിൽപ നായർ, ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, വാർഡ് അംഗം കെ.ആർ. രവി, നിർവാഹകസംഘം സെക്രട്ടറി പി.എൻ. നാരായണവർമ,എന്നിവരും സംസാരിച്ചു.
എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, എസ്.കെ. കുമാർ, അമ്പോറ്റി കോഴഞ്ചേരി, പന്തളം മഹാദേവ ഹിന്ദുസേവാ സമിതി പ്രസിഡന്റ് എസ്. കൃഷ്ണകുമാർ, ശങ്കു ടി. ദാസ്, ഹരിദാസ്, പ്രസാദ് കുഴിക്കാല എന്നിവർ പ്രസംഗിച്ചു. പന്തളം കൊട്ടാരത്തിന്റെ ആഹ്വാനപ്രകാരം തെലങ്കാനയിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും നാമ ജപയാത്ര നടന്നു.
Post Your Comments