ന്യൂഡല്‍ഹി: സ്വസമുദായത്തിനു പുറത്തുനിന്നുള്ളയാളെ വിവാഹം കഴിച്ച സ്‌ത്രീകള്‍ക്ക് ആരാധനാലയത്തിനുള്ളില്‍ പ്രവേശന അനുമതിയില്ലാത്ത ചരിത്രമാണ് പാഴ്‌സി വിശ്വാസികള്‍ക്കും പറയാനുള്ളത്.സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം 1991-ല്‍ ഇതര മതസ്‌ഥനെ വിവാഹം കഴിച്ചതോടെ ഗൂള്‍രൂഖ് ഗുപ്‌ത എന്ന സ്ത്രീ സ്വന്തം വിഭാഗക്കാര്‍ക്കിടയില്‍ അനഭിമതയായതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. ഗുജറാത്തില്‍നിന്നുള്ള പാഴ്‌സിവിഭാഗക്കാരിയായ ഗൂള്‍രൂഖ് ഗുപ്‌തയ്ക്ക് വിവാഹത്തിനുശേഷം പാഴ്‌സി മതാചാരപ്രകാരമുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനും സുപ്രധാന ആരാധനാലയങ്ങളിലൊന്നായ ഫയര്‍ ടെമ്പിളില്‍ പ്രവേശനത്തിനും വിലക്കു നേരിടേണ്ടിവന്നു.
സ്വന്തം പിതാവു മരിച്ചാല്‍ സംസ്‌കാരച്ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ കഴിയില്ലെന്ന ബോധ്യം അവരെ ഗുജറാത്ത് ഹൈക്കോടതിയിലെത്തിച്ചു. പിതാവു മരിച്ചാല്‍ ആരാധനാലയ സമുച്ചയത്തില്‍ ഉള്‍പ്പെടുന്ന ടവര്‍ ഓഫ് സൈലന്‍സിലായിരിക്കും സംസ്‌കാരച്ചടങ്ങുകളെന്നും അവിടെ പ്രവേശനമില്ലെന്നും ഗൂള്‍രൂഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അന്യമതസ്‌ഥനെ വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് ഇത്തരമൊരു നീതികേട് ഉണ്ടാകരുതെന്നായിരുന്നു പ്രധാന ആവശ്യം. പതിറ്റാണ്ടുകളായി പിന്തുടര്‍ന്നു പോന്നിരുന്ന വിശ്വാസത്തില്‍ കൈകടത്താനില്ലെന്നു വ്യക്‌തമാക്കി 2010-ല്‍ ഹൈക്കോടതി ഹര്‍ജിതള്ളി.
സമുദായാചാരത്തെയും കീഴ്‌വഴക്കത്തെയും അനുകൂലിച്ചായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. വിധിക്കെതിരേ ഗൂള്‍രൂഖ് സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഫയര്‍ ടെമ്പിളില്‍ പ്രവേശിക്കാനുള്ള ഗൂള്‍രൂഖിന്റെ വിലക്കു നീക്കി 2017 ഡിസംബറില്‍ സുപ്രീം കോടതി ചരിത്രവിധി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരിയുടെ ആവശ്യം നടത്തിക്കൊടുക്കാന്‍ ഫയര്‍ ടെമ്പിള്‍ സ്‌ഥിതി ചെയ്യുന്ന വല്‍സാദിലെ പാഴ്‌സി അന്‍ജുമാനോട് കോടതി ഉത്തരവിട്ടു.
പിതാവ് മരിക്കുന്നപക്ഷം കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നുംവിധിയിലുണ്ട്. പിതാവിനോടുള്ള ഹര്‍ജിക്കാരിയുടെ സ്‌നേഹത്തില്‍ ഒരു കുറവും വന്നിട്ടില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി. ഇപ്പോഴത്തെ സുപ്രീം കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പാഴ്‌സി സമുദായക്കാരും.
Post Your Comments