KeralaLatest News

കൈമള്‍ജി പോലീസ് കസ്റ്റഡിയില്‍

കൊച്ചി•ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയ്ക്ക് മുന്നില്‍ തിങ്കളാഴ്ച ആത്മാഹുതി ചെയ്യുമെന്ന് ഫേസ്ബുക്കില്‍ പ്രഖ്യാപിച്ച രാഷ്ട്രീയ ബജ്രംഗ് ദള്‍ സംസ്ഥാന സംയോജക് ശ്രീരാജ് കൈമളിനെ പോലീസ് കസ്റ്റഡിയില്‍.

പെട്രോള്‍ കുടിച്ചും ദേഹമാസകലം പെട്രോളും ഒഴിച്ച് റോഡില്‍ നിന്ന കൈമളിനെ എ.എച്ച്‌പി – രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രാവിലെ 11:30 ഓടെയാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കി ഹൈക്കോടതിയുടെ സമീപമെത്തിയത്. രംഗം വഷളാകുമെന്ന് കണ്ട പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ഒരിക്കലെങ്കിലും ശബരിമലയിലെത്തി അയ്യപ്പനെ ദര്‍ശിച്ചിട്ടുള്ളവര്‍ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിക്കണമെന്നും ഇത് ഹിന്ദുവിന്റെ വിഷയമാണെന്നും പൊലീസ് വാഹനത്തില്‍ വെച്ച്‌ ശ്രീരാജ് മാധ്യമങ്ങളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. പോലീസ് വാഹനത്തില്‍ വച്ചും ഇദ്ദേഹം ശരണം വിളിക്കുന്നുണ്ടായിരുന്നു.

പോലീസ് ഉടന്‍ തന്നെ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ശ്രീരാജിനെ വയറ് കഴുകിയതിന് ശേഷം പ്രത്യേക ലോഷന്‍ ഉപയോഗിച്ച്‌ ദേഹം തുടച്ചു.

29 ാം തീയതി വൈകുന്നേരമാണ് സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ 10 ന് ഹൈക്കോടതി ജംഗ്ഷനില്‍ വച്ച് ആത്മാഹുതി ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സംഘടന നേതൃത്വം ഇതില്‍ ഇയാളെ വിലക്കിയിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച മുതല്‍ ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് രാത്രിയോടെ കലൂര്‍ പൊലീസില്‍ എ.എച്ച്‌.പി – രാഷ്ട്രീയ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കി.

പൊലീസും പ്രവര്‍ത്തകരും ചേര്‍ന്ന് ശ്രീരാജ് സ്ഥിരമായി പോകാനുള്ള സ്ഥലങ്ങളിലും ആലപ്പുഴ, കൈനകരിയിലെ വീട്ടിലും പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ആത്മഹത്യ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ ഫയര്‍ ഫോഴ്‌സും പൊലീസും സജ്ജമായിരുന്നു. അസിസ്റ്റന്റ് കമ്മീഷ്ണര്‍ ലാല്‍ജി യുടെ നേതൃത്വത്തില്‍ ഹൈക്കോടതി പരിസര ങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ശ്രീരാജ് എത്തിയാല്‍ പിടികൂടി ആത്മഹത്യയില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ എ.എച്ച്‌.പി പ്രവര്‍ത്തകരും ഹൈക്കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button