കൊച്ചി: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ ഡീസല്‍ വില അനുദിനം ഉയരുന്നതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ ദുരിതത്തില്‍.ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് പലരും കടലില്‍ പോവുന്നില്ല .ഇടത്തരം വള്ളങ്ങള്‍ മുതല്‍ ആഴ്ചകള്‍ കഴിഞ്ഞു തിരിച്ചുവരുന്ന ബോട്ടുകള്‍ വരെ പ്രതിസന്ധിയിലാണ്. 75,000 രൂപ മുടക്കി കടലില്‍ പോയി മടങ്ങുന്ന ബോട്ടിന് 60,000 രൂപ കടം വരുന്ന അവസ്ഥയാണ് .ഇതിന് പുറമെ ഇടനിലക്കാരുടെ ഇടപെടല്‍ മൂലം മത്സ്യത്തിന് വിലലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
രൂക്ഷമായ മണ്ണെണ്ണ ക്ഷാമം മൂലം പൂർണ്ണമായും കരിഞ്ചന്തയെ ആശ്രയിക്കുകയാണ് തൊഴിലാളികൾ . മത്സ്യബന്ധന തൊഴിലാളികൾക്ക് കഴിഞ്ഞ മാര്‍ച്ച് വരെ 56 ലിറ്റര്‍ മണ്ണെണ്ണ കിട്ടിയിരുന്നത് തുടര്‍ച്ചയായി വെട്ടിക്കുറച്ചതുമൂലം 36 ലിറ്റര്‍ മാത്രമായി. ഇതുകൊണ്ട് ഒരു ദിവസം പോലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാകില്ല. നിലവില്‍ ഇതരസംസ്ഥാനങ്ങളില്‍ കരിഞ്ചന്തയിലും മറ്റും എത്തുന്ന മണ്ണെണ്ണയെ ആശ്രയിക്കുകയാണ് തൊഴിലാളികള്‍. കരിഞ്ചന്തയില്‍ ലിറ്ററിന് 80 രൂപയാണ് ഈടാക്കുന്നത്. 20 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ കിട്ടുന്ന മണ്ണെണ്ണ കൊള്ളലാഭത്തില്‍ വിറ്റ് വ്യാപാരികളും മത്സ്യത്തൊഴിലാളികളെ പിഴിയുകയാണ്. ചെറിയ വള്ളങ്ങള്‍ക്ക് ഇപ്പോള്‍ പണിയുണ്ട് എന്നതിനാല്‍ മണ്ണെണ്ണയുടെ ആവശ്യം വര്‍ധിച്ചിട്ടുണ്ട്.
ഡീസലും മണ്ണെണ്ണയും ഇന്ധനമായി ഉപയോഗിക്കുന്നതിന് പകരമായി സിഎന്‍ജി പോലുള്ള ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ കണ്ടെത്തണമെന്ന ആവശ്യം മത്സ്യ മേഖലയില്‍ ഉയരുന്നുണ്ട് .
Post Your Comments