അമേരിക്ക ആസ്ഥാനമാക്കിയ ഫോര്‍ച്യൂണ്‍ മാസിക ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടിക പുറത്തുവിട്ടു. മലയാളിയായ ആലീസ് വൈദ്യന്‍ ആണ് ഇത്തവണ ഇന്ത്യയില്‍നിന്നും പട്ടികയില്‍ ഉള്ളത്. പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ജി.ഐ.സി. റീ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ആലീസ്. പട്ടികയില്‍ 47ആം സ്ഥാനത്താണ് ആലീസ് ഉള്ളത്.
2016 ജനുവരിയിലാണ് ആലീസ് ജി.ഐ.സി. യുടെ തലപ്പത്തെത്തിയത്. ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1983-ല്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍ ഡയറക്ട് റിക്രൂട്ട്മെന്റ് ഓഫീസറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് നേതൃത്വ പരിശീലനം നേടിയിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ റിയുടെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്റ്ററാകുന്ന ആദ്യ വനിതാ ഓഫീസറാണ് 59കാരിയായ ആലീസ് ജി വൈദ്യന്‍.
കഴിഞ്ഞ തവണ ഫോര്‍ച്യൂണ്‍ പട്ടികയിലുണ്ടായിരുന്ന ഇന്ത്യക്കാരായ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മേധാവി ചന്ദാ കൊച്ചാറും ആക്സിസ് ബാങ്കിന്റെ ശിഖ ശര്‍മയും ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. ഫാര്‍മ, എഫ്.എം.സി.ജി. രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലാക്സോ സ്മിത്ത് ക്ലെയിന്‍ സി.ഇ.ഒ. എമ്മ വാംസ്ലിയാണ് അതിശക്തരായ 50 വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
Post Your Comments