ദുബായ്: ക്യാപ്റ്റനാകാൻ അവസരം ലഭിച്ചാൽ ഇന്ത്യൻ ടീമിനെ നയിക്കാൻ താനുണ്ടാകുമെന്ന് രോഹിത് ശർമ. ഏഷ്യാകപ്പിലെ കിരീടവിജയത്തിനു പിന്നാലെ, മുഴുവൻ സമയ നായകനാകാൻ തയാറാണോ എന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ് രോഹിത് മനസ്സു തുറന്നത്. ഇപ്പോൾത്തന്നെ ഞങ്ങൾ ഒരു കിരീടം നേടിയതേയുള്ളൂ. അതുകൊണ്ടു തന്നെ തീർച്ചയായും ടീമിന്റെ സ്ഥിരം നായകനാകാൻ ഞാൻ തയാറാണ്. അവസരം കിട്ടുമ്പോഴെല്ലാം ടീമിനെ നയിക്കാൻ ഞാനുണ്ടാകുമെന്നായിരുന്നു രോഹിത് ഇതിന് മറുപടിയായി പറഞ്ഞത്.
അവസരം ലഭിക്കുമ്പോഴെല്ലാം അതു പരമാവധി മുതലാക്കാനുള്ള ചുമതല കളിക്കാർക്കുള്ളതാണ്. ടീമിലെ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കപ്പെടുന്ന സാഹചര്യത്തിൽ, ഒരു പ്രധാന ടൂർണമെന്റ് കളിക്കുകയെന്നത് ഏതു ടീമിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. വിശ്രമം അനുവദിക്കപ്പെട്ട താരങ്ങൾ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ, പകരമെത്തിയവർ വഴിമാറി കൊടുക്കേണ്ടിവരും. ടീമിലെ സ്ഥാനം ഏതു നിമിഷവും തെറിച്ചേക്കാമെന്ന ചിന്തയോടെ കളിക്കുന്ന താരങ്ങളിൽ സുരക്ഷിതത്വ ബോധം നിറയ്ക്കുകയാണ് ക്യാപ്റ്റന്റെ മുഖ്യ ധർമമെന്നും രോഹിത് ചൂണ്ടിക്കാട്ടി.
Post Your Comments