തിരുവനന്തപുരം : സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിൽ നിരവധി ആളുകളുടെ വിലപ്പെട്ട രേഖകൾ നഷ്ടമായി. ഇവയെല്ലാം ഡിജിറ്റൽ ആയിരുന്നെങ്കിൽ ഒരു പ്രളയത്തിലും നശിച്ചു പോകില്ലായിരുന്നു. അല്ലെങ്കിൽ തന്നെ, ഒരു സർക്കാർ ഓഫിസിൽ ചെല്ലുമ്പോൾ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ മൊബൈൽ ഫോണിൽ കാണിച്ചുകൊടുക്കാനായാൽ അതല്ലേ ഏറ്റവും നല്ലത്.
കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഡിജിലോക്കർ സംവിധാനം കേരളത്തിലും എത്തിയിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനു കീഴിലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ലഭ്യമാക്കാൻ ഉത്തരവു വന്നതു കഴിഞ്ഞയാഴ്ചയാണ്. വാഹനപരിശോധനയിൽ ഡിജിലോക്കർ രേഖകൾ കാണിച്ചാൽ മതിയാകുമെന്ന പോലീസ് സർക്കുലറും വന്നു.
രേഖകൾ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പാണു ഡിജിലോക്കർ. കയ്യിലെ തടിച്ച ഫയലിനു പകരം പോക്കറ്റിലെ ഫോൺ മതിയെന്നർഥം. ലോകത്തെവിടെയിരുന്നും നമ്മുടെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി ഹാജരാക്കാം. സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ അതതു വകുപ്പുകളിൽനിന്ന് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ രൂപം ഡിജിലോക്കർ ആപ്പിലെത്തും. ആധാറുമായി മൊബൈൽ ലിങ്ക് ബന്ധിപ്പിച്ചവർക്ക് ഡിജിറ്റൽ സംവിധാനം എളുപ്പത്തിൽ ലഭിക്കും.
ആദ്യം www.digilocker.gov.in ൽ ആധാർ നമ്പർ ഉപയോഗിച്ചു റജിസ്റ്റർ ചെയ്യുക.
ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്കു വരുന്ന ഒടിപിയും (വൺ ടൈം പാസ്‌വേഡ്) നൽകണം
‘ഇഷ്യൂഡ് ഡോക്യുമെന്റ്സ്’ എന്ന വിഭാഗത്തിൽ ‘ചെക് പാർട്നേഴ്സ് സെക്‌ഷൻ’ എന്ന ടാബ് തുറക്കുമ്പോൾ വിവിധ വിഭാഗങ്ങളുടെ സേവനങ്ങൾ ലഭ്യമാകും.
വിവരങ്ങൾ നൽകിയാൽ അപ്പോൾ മുതൽ ഡിജിലോക്കറിൽ സർട്ടിഫിക്കറ്റ് എത്തും.
Post Your Comments