ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണ് നിലവില്‍ തുടരുന്ന ആചാരം, സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാ ലംഘനമാണ്, സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ തുടങ്ങി സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കുന്ന ഒട്ടേറെ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപ്ക മിശ്ര അധ്യക്ഷനായ സമിതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഒരേ അഭിപ്രായം കുറിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു. എട്ടുദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്.
ഹര്‍ജിക്കാരും എതിര്‍ത്തവരും പിന്നെ സര്‍ക്കാരും
‘ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷ’നാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമൈന്നാവശ്യപ്പെട്ട് 2006ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും അയ്യപ്പനെ ദര്‍ശിക്കാന്‍ അവകാശമുണ്ടെന്നും ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്, ‘ഹാപ്പി ടു ബ്ലീഡ്’ സ ംഘടന തുടങ്ങി ഒട്ടേറെ സംഘടനകള്‍ അനുകൂലിച്ച് രംഗത്തെത്തി.
അതേസമയം ദേവസ്വം ബോര്‍ഡ്, എന്‍.എസ്.എസ്., പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, ‘റെഡി ടു വെയ്റ്റ്’, അമിക്കസ് ക്യൂറി രാമമൂര്‍ത്തി തുടങ്ങിയവര്‍ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു. 2007ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലനിലപാടാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്കി. രണ്ടായിരത്തി എട്ടിന് ശേഷം ഏഴ് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. ശബരിമലയില്‍ തത്സ്ഥിതി തുടരുന്നതിനെ അനുകൂലിച്ച് 2016ല്‍ യുഡിഎഫ്. സര്‍ക്കാര്‍ മറ്റൊരു സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും പിണറായി സര്‍ക്കാര്‍ ഇത് പിന്‍വലിച്ച് ആദ്യത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കോടതിയെ അറിയിച്ചു.
ഇതിനിടെ 2017ല്‍ കേസ് ഭരണഘടനാബഞ്ചിന്റെ പരിഗണനയ്യ്ക്ക് വിടുകയും ചെയ്തു. ഭരണഘടനാബെഞ്ചാകട്ടെ തുടക്കം മുതല്‍ സ്ത്രീകളുടെ അവകാശത്തിലൂന്നി നിന്നുള്ള നിരീക്ഷണങ്ങളാണ് നടത്തിയത്. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ആരാധാനാലയങ്ങളിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് അനുകൂലമായ പല സുപ്രധാനമായ ഉത്തരവുകള്‍ സുപ്രീംകോടതി നടത്തിയിരുന്നു. അവസാനം ബഹുഭൂരിപക്ഷവും പ്രതീക്ഷിച്ചതുപോലെ തന്നെ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാകില്ല എന്ന ചരിത്രപരമായ വിധിയും സുപ്രീംകോടതിയില്‍ നിന്നുണ്ടായി.
മല ചവിട്ടാനെത്തുന്നവര്‍ വിശ്വാസികളോ സമത്വവാദികളോ
അതേസമയം ശബരിമലയിലെ സ്ത്രീപ്രേവശനത്തില് ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ വിധി വരുമ്പോഴും വിയോജിപ്പിന്റെ സ്വരം അവസാനിക്കുന്നില്ല. എല്ലാ പ്രായത്തിലുമുള്ള സത്രീകളെയും ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആശയം ഭക്തജനങ്ങള്‍ക്കിടയില്‍ നിന്നോ ഹൈന്ദവസംഘടനകള്ക്കിടയില് നിന്നോ ആദ്യം ഉയര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷേ അതിത്രയും വിവാദമാകില്ലായിരുന്നു. പകരം വിശ്വാസത്തിന്റെ പേരില്‍ അല്ല ലിംഗസമത്വത്തിന്റെ പേരിലാണ് ഇത്തരത്തിലൊരു ആവശ്യം ഉയര്‍ന്നതെന്നതാണ് ഈ വാദത്തിനെതിരെ എതിര്‍പ്പുയരാന്‍ പ്രധാനകാരണമായത്. ശബരിമലയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് മുന്നില്‍ നില്ക്കുന്നവരില് ഭൂരിഭാഗവും കലിയുഗവരദനും കാനനവാസിയുമായ മണികണ്ഠനെ വിശ്വസിക്കുകയോ ഭക്തിപുരസരം ആ ദര്‍ശനത്തിന് കാത്തിരിക്കുകയോ ചെയ്യുന്നവരല്ല എന്നാണ് വിശ്വാസികളുടെ വാദം. വിശ്വസമല്ല സമത്വമാണ് ശബരിമലയിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്ന ഘടകമെന്നത് നിഷേധിക്കാനുമാകില്ല.
ലിംഗസമത്വം അനിഷേധ്യമായ ഒരു അവകാശമാകുമ്പോള്‍ ആ അര്‍ത്ഥത്തില്‍ ശബരിമലയിലെ സ്ത്രീസാന്നിധ്യം സ്വാഗതം ചെയ്യപ്പെടുകയാണ്. ഒപ്പം മറുപക്ഷം കൂടി ചൂണ്ടിക്കാണിക്കുന്നു. നിര്‍ദോഷവും മനോഹരവുമായ ഒരു സങ്കല്‍പ്പമുണ്ട് ശബരിമല അയ്യപ്പന്റെ പേരില്‍. അത് ആചാരാനുഷ്ടാനങ്ങളുടെ പേരില്‍ കാലങ്ങളായി നിലനിര്‍ത്തപ്പെടുമ്പോള്‍ മതവിശ്വസത്തെ തള്ളിപ്പറയുന്ന നിരീശ്വരവാദികള്‍ അതിനെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയകളില്‍ ഉള്‍പ്പെടെ സജീവമാണ്. ഹൈന്ദവാചാരങ്ങളിലും വിശ്വാസങ്ങളിലും മാത്രമേ അഭിപ്രായങ്ങളും തള്ളിക്കയറ്റങ്ങളും ഉണ്ടാകുന്നുള്ളു എന്നിരിക്കെ ആ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നു എന്നതുകൂടി മനസിലാക്കേണ്ടിയിരിക്കുന്നു. സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന മുസ്ലീം ദേവാലയങ്ങളിലെ ആരാധനാരീതിയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വരാന്‍ പുരോഗമന സാംസ്കാരിക നേതാക്കള്‍ മടിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെട്ടാല്‍ കുറ്റം പറയാനാകില്ല.
താങ്ങാനാകുമോ ദേവസ്വം ബോര്‍ഡിന് പുതിയ വെല്ലുവിളികള്‍
വിശ്വസിക്കാതിരിക്കാന്‍ അവകാശമുള്ളതുപോലെ വിശ്വസിക്കാനും അവകാശമുണ്ട്. അപക്വമായ പ്രസ്താവനകള്‍ വിശ്വാസികളുടെ വികരങ്ങളെ വ്രണപ്പെടുത്തുമെന്ന് വിമര്‍ശിക്കുന്നവര്‍ തിരിച്ചറിയണം. ഒരു മതവിശ്വാസികള്‍ക്കിടയിലും ഭിന്നതയോ അസഹിഷ്ണുതയോ തീര്‍ക്കുന്ന നിലപാടുകള്‍ ഉണ്ടാകാന്‍ പാടില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന സ്ത്രീകള്ക്കേര്പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്. നിലവില്‍ പരാധീനതകളുടെ നീണ്ട പട്ടിക തന്നെയുണ്ട് പമ്പയ്ക്കും ശബരിമലയ്ക്കും പറയാന്‍. കോടികള്‍ വരുമാനമുള്ള ഒരു ക്ഷേത്രമായിട്ടും അയ്യപ്പഭക്തന്മാര്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ അധികാരികള്‍ കാലങ്ങളായി വീഴ്ച്ച വരുത്തുന്നുണ്ട്. മണ്ഡലകാലം ഇത് തെളിയിക്കുന്നുമുണ്ട്. ഇതിനിടയിലാണ് സ്ത്രീകള്‍ കൂടി സന്നിധാനത്തെത്തുന്നത്. തിരക്ക് നിയന്ത്രണവിധേയമാക്കി എല്ലാവര്ക്കും ദര്‍ശനം സുഖകരമാക്കുക എന്ന വെല്ലുവിളിയാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കേണ്ടത്. ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കി തിരക്കുമൂലമുണ്ടാകാന് സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുക എന്നത് ശ്രമകരം തന്നെയാണ്. സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി നടപ്പിലാകുമ്പോള്‍ ഒരു തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ നിന്ന് വിനോദസഞ്ചാര മേഖല എന്ന നിലയിലേക്ക് അയ്യപ്പന്റെ പൂങ്കാവനം മാറരുതെന്ന് ഉറപ്പാക്കുക എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്തം
Post Your Comments