Specials

ബാപ്പുജിയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ഇന്ത്യയുടെ ‘രാഷ്ട്രപിതാവ്’ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂ ചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സ്വാംശീകരിച്ചവരില്‍പെടുന്നു. ഭാരതീയര്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു, എന്നാല്‍ ഈ പദവി ഔദ്യോഗികമല്ല. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 2 ഗാന്ധിജയന്തി എന്ന പേരില്‍ ദേശീയഅവധി നല്‍കി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button