KeralaLatest News

വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം മതനിരപേക്ഷതയുടെ ഉരകല്ല്: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം•രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത് മതനിരപേക്ഷതയാണെന്നും മതനിരപേക്ഷതയുടെ ഏറ്റവും വലിയ ഉരകല്ല് വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദഹം.

ഗാന്ധിജിയുടെ സ്മരണ ഒരു പ്രത്യേക ദിനത്തിലോ സന്ദര്‍ഭത്തിലോ മാത്രം പുതുക്കേണ്ടതല്ല. ജീവിതത്തിലുടനീളം വര്‍ഗീയതയോട് അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. അദ്ദേഹത്തിന്റെ ധീരമായ നിലപാടാണ് വര്‍ഗീയവാദികള്‍ ആ ജീവന്‍ കവരാനുണ്ടായ സാഹചര്യത്തിലേക്ക് നയിച്ചത്. ഗാന്ധിജി ആരെയും ഉപദ്രവിച്ച മനുഷ്യനായിരുന്നില്ല. എല്ലാറ്റിനോടും സഹിഷ്ണതയായിരുന്നു അദ്ദേഹം പുലര്‍ത്തിയത്. അതിശക്തമായ ബ്രിട്ടീഷ്‌വിരുദ്ധ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോഴും സ്വാതന്ത്ര്യ സമരത്തിന്റെ നെടുനായകനായിരിക്കുമ്പോഴും തന്റെ മാര്‍ഗത്തില്‍ ഒരുതരത്തിലുള്ള വ്യതിയാനവും ഉണ്ടാകരുതെന്ന് അദ്ദേഹം ശഠിച്ചു.

ഋഷിതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ ഒരു സംഘമുണ്ടായി. രാജ്യം അതിഭീകരമായ വര്‍ഗീയകലാപത്തിലേക്ക് നീങ്ങിയ കാലത്ത് കൂട്ടക്കൊലകളും അക്രമപ്രവര്‍ത്തനങ്ങളും വ്യാപകമായപ്പോള്‍ പകച്ചുനില്‍ക്കാതെ ഇന്ത്യയിലെ ജനങ്ങളിലുള്ള സ്വാധീനം പ്രകടിപ്പിക്കുന്നതിനും അക്രമത്തിലേക്ക് തിരിയുന്നവരെ സമാധാനത്തിലേക്ക് തിരിച്ചുവിടാനും വര്‍ഗീയതയിലേക്ക് പോകാതിരിക്കാനും പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ സന്ദേശവുമായി ഗാന്ധിജി കടന്നുചെന്നപ്പോള്‍ ആ സന്ദേശം ജനലക്ഷങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. ഇത് വര്‍ഗീയകലാപം ആഗ്രഹിച്ച ശക്തികളെ രോഷാകുലരാക്കി. ഈ മനുഷ്യന്‍ ജീവിച്ചിരിക്കുന്നത് തങ്ങളുടെ അജണ്ടയ്ക്ക് ദോഷമാണെന്ന് അവര്‍ മനസ്സിലാക്കി. അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച ഗോഡ്സേയുടെ കയ്യിലെ തോക്ക് വര്‍ഗീയസംഘത്തിന്റെ ആയുധമായിരുന്നു.

ഇത് രാജ്യത്തിന്റെ ചരിത്രമാണ്. ഇന്നത്തെ ഇന്ത്യയില്‍ ഇതെല്ലാം നാം ഓര്‍ക്കണം. മതനിരപേക്ഷതയെ തകര്‍ക്കാനുള്ള വലിയ നീക്കങ്ങള്‍ നടന്നുവരികയാണ്. പലതിന്റെയും പേരില്‍ ആക്രമണങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ വര്‍ഗീയതയ്ക്കെതിരായ അതിശക്തമായ പ്രസ്ഥാനം ഉയര്‍ന്നുവരണം. മതനിരപേക്ഷതയെ സംരക്ഷിക്കാനായില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്ന് നാം തിരിച്ചറിയണം. രാജ്യം ഇന്നുള്ളതുപോലെ നിലനില്‍ക്കാനും രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും മതനിരപേക്ഷതയുടെ സംരക്ഷണം പ്രധാനമാണ്. ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍ ഇതാണ് നാമെല്ലാവരും ആദ്യമായി ഓര്‍ക്കേണ്ടത്.

വലിയൊരു ദുരന്തത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുകയാണ് കേരളം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു. പുനര്‍നിര്‍മാണമെന്നത് നേരത്തെ ഉണ്ടായിരുന്നത് പുന:സ്ഥാപിക്കലല്ല. ദുരന്തത്തിനുശേഷം നാം പടുത്തുയര്‍ത്തുന്നത് പുതിയ കേരളത്തെയായിരിക്കണം. ഇക്കാര്യത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഹൃദയപൂര്‍വം സഹകരിച്ചുവരികയാണ്. കേരളമെന്താണെന്ന് മനസ്സിലാക്കിയവരാണ് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളികള്‍. അവര്‍ക്ക് സംഭവിച്ച ദുരന്തമായാണ് സംസ്ഥാനം നേരിട്ട ദുരന്തത്തെ അവരെല്ലാം കാണുന്നത്.

പുനര്‍നിര്‍മാണപ്രക്രിയയില്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരുകാര്യം നാം ഓര്‍ക്കണം. പരിസ്ഥിതിക്ക് വന്‍ പ്രാധാന്യമാണ് ഗാന്ധിജി നല്‍കിയിരുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിലപാടാണ് നാം സ്വീകരിക്കേണ്ടത്. വെളളപ്പൊക്കവും ഉരുള്‍പൊട്ടലും ഇല്ലാതാക്കുന്ന പ്രദേശങ്ങളെക്കുറിച്ചെല്ലാം ശാസ്ത്രീയമായ പഠനത്തിലൂടെ നിലപാടുകള്‍ സ്വീകരിക്കാന്‍ നമുക്കു സാധിക്കണം. വീടുകള്‍ നിര്‍മിക്കാന്‍ പറ്റുന്ന പ്രദേശങ്ങളില്‍ മാത്രമേ വീടുകള്‍ നിര്‍മിക്കാവൂ എന്ന് നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യത്തിന് ശക്തി പകരുന്നതിന് ഗാന്ധിജിയുടെ ഓര്‍മകള്‍ക്ക് സാധിക്കുന്നുണ്ടെന്നും മതനിരപേക്ഷതയെ ആകാശത്തോളം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പതിനായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്ന ഒരു ദുരന്തത്തെ അതിജീവിക്കാന്‍ നമുക്കായത് നമ്മുടെ സ്നേഹം ഒന്നുകൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വീടും കൃഷിയിടങ്ങളും സര്‍വതും നഷ്ടപ്പെട്ട് പകച്ചുനില്‍ക്കുന്ന സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഇപ്പോഴത്തെ നമ്മുടെ മറ്റൊരു വലിയ ഉത്തരവാദിത്വം. സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ട് എങ്കിലും എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കൗണ്‍സിലര്‍ എസ്.കെ.പി. രമേഷ്, നവകേരളം കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്, ഗായകന്‍ കെ.ജെ. യേശുദാസ്, ഗാന്ധിയന്‍ കെ. അയ്യപ്പന്‍പിള്ള, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ കെ. സന്തോഷ് കുമാര്‍, പി.എസ്. രാജശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button