ഇന്ത്യ കണ്ട മഹത് വ്യക്തിയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി. അദ്ദേഹം ഇന്ത്യൻ ജനതയുടെ സ്വാതന്ത്യത്തിനായി വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. എന്നാൽ അദ്ദേഹത്തിന്റെ മരണം ജനങ്ങൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല കാരണം അതൊരു സാധാരണ മരണമായിരുന്നില്ല എന്നതുകൊണ്ട് തന്നെ.
1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്. ഡൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ കൈയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്.
സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താൽ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാർത്ഥനയ്ക്കായി അനുയായികൾ കാത്തിരിക്കുന്ന പ്രാർത്ഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.
ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന ബെറെറ്റ പിസ്റ്റൾ ഇരുകൈയ്യുകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: “നമസ്തേ ഗാന്ധിജി”. ഗാന്ധിജിയുടെ പാദം ചുംബിക്കുവാൻ അയാൾ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി.
“ഹേ റാം, ഹേ റാം” എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.
Post Your Comments