ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഇന്നത്തെയോ ഇന്നലത്തെയോ ഒരു സംഭവമല്ല. കഴിഞ്ഞ 28 വര്‍ഷമായി ശബരിമല സ്ത്രീ പ്രവേശനം കോടതി കയറി ഇറങ്ങുന്നു. 1990ലെ കുട്ടിയുടെ ചോറൂണ് പ്രശ്നത്തില്‍ തുടങ്ങിയതാണ് ശബരിമല വിഷയം. ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വച്ച് നടത്തുന്നതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപ്പത്രത്തില്‍ അച്ചടിച്ചു വന്നു. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ ഈ ചിത്രം ഉള്‍പ്പെടുത്തി കേരള ഹൈക്കോടതിയ്ക്ക് അതേ വര്‍ഷം സെപ്തംബര്‍ 24ന് ഒരു പരാതി അയച്ചു. പിന്നീട് ഈ പരാതി റിട്ട് ഹര്‍ജിയായി പരിഗണിക്കുകയും 1991ല്‍ ഇതില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു കൊണ്ട് ഹൈക്കോടതി വിധി വരികയും ചെയ്തു. സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും അത് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി.
2006ലാണ് വീണ്ടും രംഗം സജീവമാകുന്നത്. യങ് ലോയേഴ്സ് അസ്സോസിയേഷന്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. 12 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഇതിന്റെ നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്. കേസില്‍ ഭരണാഘടനാപരമായ ചോദ്യങ്ങളുണ്ടെന്ന് സുപ്രീംകോടതി കണ്ടെത്തി. 5 ചോദ്യങ്ങളോടെ ദീപക് മിശ്ര കേസ് ഭരണഘടനാ ബഞ്ചിന് വിട്ടു.
Post Your Comments