KeralaLatest News

കളക്ട്രേറ്റ് വളപ്പില്‍ പിടിയും വലിയും : കാഴ്ചക്കാര്‍ക്ക് അത് തെരുവുസംഘടനമായി : വേഷപ്രച്ഛന്നരായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന്റെ ക്ലൈമാക്‌സ് ഇങ്ങനെ

കാക്കനാട് : കളക്ട്രേറ്റ് വളപ്പില്‍ പിടിയും വലിയും… കാഴ്ചക്കാര്‍ക്ക് അത് തെരുവുസംഘടനമായി. വേഷപ്രച്ഛന്നരായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന്റെ ക്ലൈമാക്സ് ഇങ്ങനെ
വാണിജ്യ സമുച്ചയ നിര്‍മാണത്തിനു സ്ഥലപരിശോധന റിപ്പോര്‍ട്ട് നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ മൂവാറ്റുപുഴ കൃഷി ഫീല്‍ഡ് ഓഫിസര്‍ എന്‍.ജി. ജോസഫിനെ (55) വിജിലന്‍സ് പിടികൂടി. കലക്ടറേറ്റ് വളപ്പില്‍ ഇന്നലെ രണ്ടരയോടെയായിരുന്നു അറസ്റ്റ്. വായ്പയ്ക്കായി ബാങ്കില്‍ ഹാജരാക്കാന്‍ സ്ഥല പരിശോധന റിപ്പോര്‍ട്ടിന് അപേക്ഷിച്ച മൂവാറ്റുപുഴ സ്വദേശിയോട് ഉദ്യോഗസ്ഥന്‍ 1 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

50,000 രൂപ ഇന്നലെ കലക്ടറേറ്റിലെത്തിക്കാന്‍ നിര്‍ദേശിച്ചു. കന്റീനു സമീപം പണം കൈമാറുന്നതിനിടെ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. വിജിലന്‍സ് കൈമാറിയ 10,000 രൂപയാണ് അപേക്ഷകന്‍ കൃഷി ഓഫിസര്‍ക്കു നല്‍കിയത്. വായ്പയ്ക്കു ഹാജരാക്കാനുള്ള രേഖയ്ക്കായി പലതവണ സമീപിച്ചിട്ടും പണം നല്‍കാതെ കാര്യം നടക്കില്ലെന്നു ബോധ്യമായപ്പോഴാണു അപേക്ഷകന്‍ വിജിലന്‍സിനെ സമീപിച്ചത്.എളമക്കര താണിക്കല്‍ സ്വദേശിയായ ജോസഫിന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

കൈക്കൂലി വാങ്ങാനെത്തുന്ന ഉദ്യോഗസ്ഥനെ കാത്ത് ഇരുപതംഗ വിജിലന്‍സ് സംഘം കൂലിത്തൊഴിലാളികളുടേതുള്‍പ്പെടെയുള്ള വേഷത്തില്‍ കലക്ടറേറ്റ് വളപ്പില്‍ നിലയുറപ്പിച്ചതു രണ്ടു മണിക്കൂര്‍.ക്ലൈമാക്‌സിലെ പിടിവലിയും കുതറാനുള്ള ശ്രമവുമൊക്കെ കണ്ട് ഓടിക്കൂടിയവര്‍ക്ക് ആദ്യം തോന്നിയതു തെരുവുസംഘട്ടനമാണെന്നാണ്.ഉദ്യോഗസ്ഥനെ ബലം പ്രയോഗിച്ചു പിടികൂടിയ പൊലീസിന്റെ വേഷമാണു കാഴ്ചക്കാരില്‍ സംശയം ഉണ്ടാക്കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൃഷി ഫീല്‍ഡ് ഓഫിസറെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയതാണെന്നറിഞ്ഞതോടെ ആളുകള്‍ വട്ടം കൂടി.ഓഫിസിനകത്തു വച്ചു കൈക്കൂലി വാങ്ങുന്നവരെ പിടികൂടുന്ന സംഭവം സാധാരണമാണെങ്കിലും പുറത്തു വച്ചു കൈക്കൂലിക്കാരെ കീഴ്‌പ്പെടുത്തുന്നതു ശ്രമകരമാണെന്നു വിജിലന്‍സ് സംഘം പറഞ്ഞു.പുറത്തും സ്വകാര്യ വാഹനങ്ങള്‍ക്കകത്തുമായാണു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കലക്ടറേറ്റ് വളപ്പില്‍ കാത്തുകിടന്നത്. മൂന്ന് ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത കന്റീനിലും ഇരിപ്പുറപ്പിച്ചു.

എസ്പി കെ. കാര്‍ത്തിക് ഇതിനിടെ സ്ഥലത്തെത്തി. കൃഷി ഓഫിസര്‍മാരുടെ യോഗത്തില്‍ കലക്ടര്‍ മുഹമ്മദ് സഫിറുല്ലയുടെ പ്രസംഗം കഴിഞ്ഞയുടന്‍ ഫീല്‍ഡ് ഓഫിസര്‍ ഇറങ്ങിപ്പോരുകയായിരുന്നു. ആവശ്യപ്പെട്ട പണവുമായി അപേക്ഷകര്‍ കലക്ടറേറ്റ് കന്റീനു സമീപം എത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതോടെയാണത്രെ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ നിന്നുപോന്നത്.താഴെയെത്തിയ ഓഫിസര്‍ പണം കൈപ്പറ്റിയ ഉടന്‍ പാഞ്ഞുവന്ന് ആദ്യം പിടികൂടിയതു ലുങ്കിയുടുത്ത വിജിലന്‍സ് ഉദ്യോഗസ്ഥന്‍.
പിന്നാലെ മറ്റുള്ളവരുമെത്തി ഉദ്യോഗസ്ഥനെ വളഞ്ഞു. ഫിനോഫ്തലിന്‍ പൊടി പുരട്ടിയ നോട്ടാണു താന്‍ വാങ്ങിയതെന്നു ബോധ്യമായതോടെ ഇരു കൈകളും സ്വന്തം ദേഹത്തും ഉദ്യോഗസ്ഥരുടെ ദേഹത്തും പല തവണ തുടച്ചു പൊടി കളയാന്‍ ഫീല്‍ഡ് ഓഫിസര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ഇതിനിടെ വിജിലന്‍സുകാര്‍ വെള്ളം കൊണ്ടുവന്നു കൃഷി ഓഫിസറുടെ കൈ മുക്കി തെളിവെടുത്തു.രണ്ടര മണിക്കൂര്‍ നീണ്ട മഹസര്‍ നടപടികള്‍ക്കു ശേഷമാണ് ഉദ്യോഗസ്ഥനെ കലക്ടറേറ്റ് വളപ്പില്‍ നിന്നു കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button