അബുദാബി : ബാര്‍ക്ലീസ് ഹുരൂണ്‍ ഇന്ത്യ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ ഇടംപിടിച്ചു. 12,800 കോടി രൂപയുടെ ആസ്തിയുമായി പട്ടികയില്‍ 62-ാം സ്ഥാനത്താണ് ഷംഷീര്‍. പ്രകൃതി ദുരന്തങ്ങളില്‍ സഹായ ഹസ്തം നീട്ടുന്ന ശതകോടീശ്വരന്മാരുടെ ഉത്തരവാദിത്ത സംരംഭകത്വ പട്ടികയില്‍ ഡോ. ഷംഷീര്‍ രണ്ടാം സ്ഥാനം നേടി
കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതാണ് ഷംഷീറിനെ ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്. 71 കോടി രൂപ സംഭാവന പ്രഖ്യാപിച്ച മുകേഷ് അംബാനിയാണ് ഈവിഭാഗത്തില് ഒന്നാമത്. 50 കോടി സഹായം പ്രഖ്യാപിച്ച ഗൗതം അദാനി ഡോ. ഷംഷീറിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു. 18 കോടി നല്കിയ എം.എ. യൂസഫലി, 15 കോടി നല്കിയ ജോയ് ആലുക്കാസ് എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.
ബാര്‍ക്ലീസ് ഹുരൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ ഈ വര്‍ഷം 831 പേരുണ്ട്. തുടര്‍ച്ചയായ ഏഴാം വര്‍ഷവും റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനിയാണ് പട്ടികയില്‍ ഒന്നാമത്. 371,000 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ 2018 ജൂലൈ 31 വരെയുള്ള ആസ്തി കണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ജനിക്കുകയോ ഇന്ത്യയില്‍ വളരുകയോ ചെയ്ത ഇന്ത്യക്കാരെ മാത്രമാണ് പട്ടികയില്‍ പരിഗണിച്ചത്.
Post Your Comments