ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണോ അല്ലെയോ എന്ന ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും കോടതി വ്യക്തമാക്കി. തുല്യത ഭരണഘടന നല്‍കുന്ന മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ഐപിസി 497 കോടതി റദ്ദാക്കി.
വിവേചന പരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.
വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല. തുല്യത ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഐപിസി 497 സ്ത്രീകളുടെ അന്തസ്സിന് കളങ്കം വരുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തയില്ലെന്നും ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി ഭരണഘടനാബഞ്ച് ഓഗസ്റ്റ് രണ്ടിന് പറഞ്ഞിരുന്നു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം കേസ് പരിഗണിച്ചപ്പോള്‍ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയാല്‍ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു.
Post Your Comments