തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്. എന്നാൽ ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തന്നെ തുടരുന്നു. നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനു ശസ്ത്രക്രിയ നടത്തി.
പക്ഷേ, രക്തസമ്മര്‍ദം സാധാരണനിലയിലാകുന്നില്ല. എന്നാല്‍ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതായും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം ബാലഭാസ്‌കറിന്റെ പിതാവ് അടുത്തെത്തി വിളിച്ചപ്പോള്‍ അദ്ദേഹം ചെറുതായി കണ്ണു തുറന്നിരുന്നു. പക്ഷെ രക്തസമ്മര്‍ദത്തിലെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഇടയ്ക്കിടെ തടസപ്പെടുന്നതിനാല്‍ വെന്റിലേറ്ററില്‍ തന്നെ കഴിയുകയാണ് ബാലഭാസ്‌കര്‍.
രക്തസമ്മര്‍ദവും ശ്വാസഗതിയും നേരെയാകുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. അച്ഛനെയും അമ്മയെയും കാണിച്ചതിനു ശേഷം മാത്രം കുഞ്ഞിന്റെ സംസ്‌കാരം നടത്താനാണു ബന്ധുക്കളുടെ തീരുമാനം. അപകടത്തില്‍പെട്ട് രണ്ടുവയസുകാരിയായ മകള്‍ തേജസ്വി മരിച്ചതിന്റെ ആഘാതത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും.
ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയാണ് കാറപകടത്തില്‍ പൊലിഞ്ഞുപോയത്.ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പള്ളിപ്പുറം സി.ആര്‍. പി.എഫ് ക്യാമ്പിനും കണിയാപുരത്തിനും ഇടയ്ക്ക് താമരക്കുളം അഗ്രോ സര്‍വീസ് സെന്ററിന് മുന്നിലായിരുന്നു അപകടം. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം തിരുവനന്തപുരത്തെ തിരുമലയിലെ വീട്ടിലേക്ക് വരികയായിരുന്നു ഇവര്‍.
കാര്‍ വലതുവശത്ത് റോഡരികിലുള്ള മരത്തില്‍ ഇടിച്ചായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്ക് മുന്നില്‍പോയ മറ്റൊരു കാറിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് തിരിച്ചെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും വഴിവിളക്കുകളൊന്നുമില്ലാത്ത ഇരുളടഞ്ഞ സ്ഥലത്തായിരുന്നു അപകടം ഉണ്ടായത്.കൊല്ലത്ത് നിന്നുള്ള കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ സമീപവാസികളും പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റിന്റെ ഡ്രൈവറുമാണ് കാറിന്റെ ഡോര്‍ ഗ്ലാസുകള്‍ തകര്‍ത്ത് പരിക്കേറ്റവരെ പുറത്തെടുത്തത്.
മൂക്കില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്ന തേജസ്വിയെ സംഭവമറിഞ്ഞെത്തിയ ഹൈവേ പോലീസിന്റെ ജീപ്പില്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments