KeralaLatest NewsIndia

വീട്ടു നമ്പറിന് കൈക്കൂലി: സംഭവം വെളിച്ചത്ത് കൊണ്ടുവന്ന സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നഗരസഭാ ഉദ്യോഗസ്ഥര്‍ ഹരികൃഷ്ണന്റെ ജോലി കളയിക്കാന്‍ സൈനീക ആസ്ഥാനത്തും പരാതി അയച്ചു.

കൊല്ലം: വീടിന്റെ നമ്പര്‍ അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത് നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പുനലൂര്‍ വാളക്കോട് തുമ്പോട് രോഹിണിയില്‍ ഹരികൃഷ്ണനെതിരെയാണ് കേസ്. നവമാധ്യമത്തില്‍ ഹരികൃഷ്ണന്‍ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച്‌ പരാതി നല്‍കിയ നഗരസഭാ ഉദ്യോഗസ്ഥര്‍ ഹരികൃഷ്ണന്റെ ജോലി കളയിക്കാന്‍ സൈനീക ആസ്ഥാനത്തും പരാതി അയച്ചു.

വീടിന് നമ്പര്‍ നല്‍കുന്നതിനായി നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് ഹരികൃഷ്ണന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്. ഇത് വൈറലായതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അനിതകുമാരിക്ക് വീട്ടു നമ്പരും ലഭിച്ചു. എന്നാല്‍ ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ നവമാധ്യമത്തില്‍ ഹരികൃഷ്ണന്‍ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച്‌ ഉദ്യോഗസ്ഥരിലൊരാള്‍ ഹരികൃഷ്ണന്റെ ജോലിയെ ദോഷമായി ബാധിക്കണം എന്നുള്ള ദുരുദ്ദേശത്തോട് കൂടി പൊലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നു.

അനിതകുമാരി പുനലൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച വീടിന് നമ്ബര്‍ നല്‍കാതെ രണ്ട് വര്‍ഷത്തോളം വട്ടം കറക്കി. അനിതകുമാരിയും സൈനികനായ ഹരികൃഷ്ണനും മാത്രമാണ് വീട്ടിലുള്ളത്. ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥരുടെയും നിരന്തര മാനസിക പീഡനം കാരണം അനിത കുമാരി കുഴഞ്ഞ് വീണ് ആശുപത്രിയിലായ സമയത്താണ് ഹരികൃഷ്ണന്‍ നവമാധ്യമങ്ങളിലൂടെ സംഭവം വെളിപ്പെടുത്തിയത്. ഹരികൃഷ്ണന്‍ ഇട്ട ട്രോളുകള്‍ പോസ്റ്റുകള്‍ പൊലീസിന് തെളിവായി നല്‍കി എന്നും പറയപ്പെടുന്നു. എന്നാല്‍ സമൂഹത്തില്‍ ഉള്ള അനീതികള്‍ ചോദ്യം ചെയ്തുള്ള പോസ്റ്റുകള്‍ അല്ലാതെ ആരെയും പെരെടുത്തോ,ജാതീയ ആക്ഷേപമോ പോസ്റ്റുകളില്‍ എങ്ങുമില്ല.

‘വിധവയായ തന്റെ അമ്മ തളര്‍ന്നു വീണപ്പോള്‍ ഏകമകന്‍ എന്നുള്ള നിലയില്‍ പ്രതികരിക്കുക മാത്രം ആണ് ചെയ്തിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ പേരും തസ്തികകളും അതില്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ താന്‍ ആരെയും അധിക്ഷേപിച്ചില്ല.തനിക്ക് നേരിട്ട അനീതിയില്‍ പ്രതികരിക്കുക മാത്രം ആണ് ചെയ്തിട്ടുള്ളത്.അതേസമയം കൈക്കൂലി ആവശ്യപ്പെട്ടാല്‍ അത് തെളിയിക്കുക അല്ലാതെ പറയാന്‍ പാടില്ല എന്നും തെളിയിക്കപ്പെടുന്നത് വരെ കൈക്കൂലിക്കാര്‍ ആകുന്നില്ല എന്നും അടൂര്‍ പൊലീസ് പറയുന്നു.’

‘ഹരികൃഷ്ണനെ വിളിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ജോലി സ്ഥലത്തുള്ള ഹരികൃഷ്ണന് പറയാന്‍ ഉള്ളത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.പൊലീസ് ഈ വിഷയത്തില്‍ ഏകപക്ഷീയമായി പെരുമാറുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുനലൂര്‍ നടന്ന വിഷയത്തില്‍ അടൂര്‍ പൊലീസില്‍ കേസ് നല്‍കിയതിലും ദുരൂഹത ഉണ്ട് എന്ന് പറയപ്പെടുന്നു. കൈക്കൂലിക്ക് എതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്ന സമീപനം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന പ്രവൃത്തി അല്ലെന്നും’ ഹരികൃഷ്ണൻ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button