KeralaLatest News

100 കോടിയുടെ ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിന് കിഫ്ബിയുമായി കരാര്‍ ഒപ്പിട്ടു

കഴക്കൂട്ടം , എരുമേലി, ചെങ്ങന്നൂര്‍, ചിറങ്ങര, ശുകപുരം , മണിയന്‍കോട് എന്നീ 7 ക്ഷേത്രങ്ങളില്‍ ഇടത്താവള സമുച്ചയങ്ങള്‍

പമ്പയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 45 കോടി

 

തിരുവനന്തപുരം• ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിന് കിഫ്ബിയുമായി ദേവസ്വം വകുപ്പ് 100 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ കിഫ്ബി സിഇഒ കെ.എം എബ്രഹാമും ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലുമാണ് കരാറില്‍ ഒപ്പ് വെച്ചത്. നിലയ്ക്കലില്‍ 35 കോടി രൂപയുടെ ഇടത്താവള സമുച്ചയമാണ് നിര്‍മ്മിക്കുന്നത്.

അമ്പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക്, ബയോഗ്യാസ് പ്ലാന്റ്, തടയണ, ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയടക്കമുള്ള ഇടത്താവള സമുച്ചയ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പമ്പയില്‍ 5 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 45 കോടി രൂപയും കിഫ്ബി നല്‍കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കണം.

നിലയ്ക്കലില്‍ ആധുനിക വാഹന പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിക്കുന്നതിന് 5 കോടി രൂപയും കിഫ്ബി നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കണം. കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രം, എരുമേലി, ചെങ്ങന്നൂര്‍, ചിറങ്ങര, ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം, മണിയന്‍കോട് എന്നീ 7 ക്ഷേത്ര പരിസരങ്ങളിലാണ് ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിന് 10 കോടി രൂപ വീതമാണ് കിഫ്ബി വഴി ലഭ്യമാക്കുന്നത്. ഈ ഇടത്താവള സമുച്ചയങ്ങളെല്ലാം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. റാന്നിയില്‍ ആധുനിക പാര്‍ക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കാന്‍ 5 കോടി രൂപയും കിഫ്ബി നല്‍കും.

ശബരിമല ഇടത്താവള സമുച്ചയങ്ങളെല്ലാം ക്ഷേത്രങ്ങളുടെ നിര്‍മ്മാണ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലാണ് നിര്‍മ്മിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗങ്ങളായ കെ. രാഘവന്‍, കെ.പി ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ചീഫ് എഞ്ചിനീയര്‍ ശങ്കരന്‍ പോറ്റി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button