KeralaLatest News

സഹകരണമേഖല സമ്പൂര്‍ണമായി അഴിമതിരഹിതമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

രാജ്യത്തെ മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങളിലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ സഹകരണ ബാങ്കുകളില്‍ അഴിമതി കുറവാണ്

തിരുവനന്തപുരം : സഹകരണമേഖലയെ സമ്പൂര്‍ണമായി അഴിമതിരഹിതമാക്കുകയും ഇടപാടുകാര്‍ക്ക് കൂടുതല്‍ വിശ്വാസ്യതയോടെ സഹകരണ സ്ഥാപനങ്ങളെ സമീപിക്കാവുന്ന സാഹചര്യമൊരുക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പാക്കുന്നതിന് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് നടപ്പിലാക്കുന്ന നിക്ഷേപ ഗ്യാരന്റി പത്രം സംസ്ഥാനതല വിതരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങളിലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ സഹകരണ ബാങ്കുകളില്‍ അഴിമതി കുറവാണ്. വലിയതോതില്‍ പലിശ വാഗ്ദാനം ചെയ്ത് വന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് മുങ്ങുന്ന ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ രാജ്യത്തുടനീളമുണ്ട്. അത്തരം ചതികളില്‍ വീഴാതിരിക്കാന്‍ നിക്ഷേപ ഗ്യാരന്റിയുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. സഹകരണ ബാങ്കുകള്‍ സമാഹരിക്കുന്ന പണം നാടിന്റെ വികസനത്തിനായാണ് ഉപയോഗിക്കുന്നത്. സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ പങ്കാളിത്തമുള്ള സഹകരണ സംഘങ്ങളില്‍ മാത്രം പണം നിക്ഷേപിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും നിക്ഷേപകന് പരമാവധി ഒന്നരലക്ഷം രൂപവരെ ഗ്യാരന്റി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നിക്ഷേപ ഗ്യാരന്റി പത്ര വിതരണത്തിന്റെ ഉദ്ഘാടനം വി. ജോയ് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്സ്, സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ വി. സനല്‍കുമാര്‍, സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ഡയറക്ടര്‍മാരായ എം.എസ്.ശ്രീവത്സന്‍, കെ. അനില്‍കുമാര്‍, കെ. മധുസൂദനന്‍, പി.ഉണ്ണികൃഷ്ണപിള്ള, കെ.കെ. ഏലിയാസ് എന്നിവര്‍ സംബന്ധിച്ചു. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് സ്വാഗതവും സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് സെക്രട്ടറി ഡി.കെ. പ്രീത നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button