KeralaLatest News

പ്രളയ ദുരിത ബാധിതര്‍ക്ക് സഹായമായി കുടുംബശ്രീ വായ്പ, ഒരു കുടുംബത്തിന് പരമാവധി 1 ലക്ഷം രൂപ

ദുരിതാശ്വാസത്തിന് അര്‍ഹരായവര്‍ക്ക് വീടുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധികള്‍ ഒരുക്കുന്നതിനാണ് വായ്പ നല്‍കുന്നത്

കല്‍പറ്റ: പ്രളയ ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍കെഎല്‍എസ് പദ്ധതിയുടെ ഭാഗമായി അപേക്ഷകള്‍ വിവിധ ബാങ്കുകള്‍ക്ക് കൈമാറാന്‍ തുടങ്ങി.

സംസ്ഥാന സര്‍ക്കാറിന്റെ 10000/ രൂപ ദുരിതാശ്വാസത്തിന് അര്‍ഹരായവര്‍ക്ക് വീടുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധികള്‍ ഒരുക്കുന്നതിനാണ് വായ്പ നല്‍കുന്നത്. ഒരു കുടുംബത്തിന് പരമാവധി ഒരു ലക്ഷം രൂപയാണ് വായ്പ ലഭിക്കുക.

ആദ്യ ഘട്ടത്തില്‍ കുടുംബശ്രിയില്‍ അംഗത്വമുള്ള കുടുംബങ്ങള്‍ക്കാണ് തുക നല്‍കുന്നത്. ആകെ ധനസഹായത്തിന് അര്‍ഹരായ 7265 പേരില്‍ കുടുംബശ്രീ അംഗത്വമുള്ള ദുരിത ബാധിതരുടെ എണ്ണം 5945 ആണ്. 2859 പേരാണ് ഇതുവരെ അയല്‍ക്കൂട്ടം വഴി ആര്‍കെഎല്‍എസ് വായ്പക്കായി സി ഡി എസുകളില്‍ അപേക്ഷിച്ചിട്ടുള്ളത്.

വായ്പ ആവശ്യമുള്ള അംഗങ്ങള്‍ നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് അയല്‍കൂട്ടത്തിന് നല്‍കണം. അയല്‍കൂട്ടം യോഗം ചേര്‍ന്ന് അംഗത്തിന്റെ തിരിച്ചടവ് ശേഷി കൂടി പരിഗണിച്ച് ഒരു ലക്ഷം രൂപയില്‍ നിന്നും അയല്‍ക്കൂട്ട വായ്പ തുകയില്‍ നിലവിലുള്ള ബാധ്യത കഴിച്ച് ബാക്കിയിള്ള തുക വായ്പയായി അനുവദിക്കുന്നതിന് എഡിഎസ് ശുപാര്‍ശ ചെയ്യും. എഡിഎസ് ശുപാര്‍ശ പരിഗണിച്ച് സിഡിഎസ് തങ്ങളുടെ ശുപാര്‍ശ സഹിതം അയല്‍കൂട്ടത്തിന്റെ അക്കൗണ്ടിലേക്ക് വരവ് വെക്കും. തുടര്‍ന്ന് അയല്‍കൂട്ടം അര്‍ഹരായ അപേക്ഷകര്‍ക്ക് തുക കൈമാറുകയും ചെയ്യും. നിലവിലുള്ള ബാധ്യത കഴിച്ച് പരമാവധി 10 ലക്ഷം രൂപയാണ് ഒരു സിഡിഎസിന് അനുവദിക്കുക.

9 ശതമാനമാണ് സര്‍ക്കാര്‍ അംഗീകരിച്ച പലിശ നിരക്ക്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സബ്‌സിഡിയായി അയല്‍കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. വായ്പക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി തീരുന്ന മുറക്ക് മുതലും പലിശയും ചേര്‍ത്തുള്ള തുകയ്കുള്ള പ്രതിമാസ ഗഢു ഗുണഭോക്താവ് അടച്ച് തുടങ്ങണം.

36 മുതല്‍ 48 മാസം വരെയാണ് തിരിച്ചടവിന്റെ കാലാവധി. വായ്പയ്ക്കുള്ള അപേക്ഷ പരിശോധിക്കുന്നതോടൊപ്പം അപേക്ഷകരുടെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തുന്നതിനും ഇവരുടെ മുന്‍കാല തിരിച്ചടവ്, നിലവിലെ ബാധ്യത കഴിച്ചുള്ള തുക എന്നിവ സംബന്ധിച്ച കണക്കെടുപ്പ് നടത്തുന്നതിനും അയല്‍കൂട്ടങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button