തൃശ്ശൂര്‍: മഴയെയും നീരൊഴുക്കിനെയും തുടര്‍ന്ന് തമിഴ്നാട്ടിലെ അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിയിലേക്ക് നിറഞ്ഞു. തമിഴ്നാടിന്റെ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, തൂണക്കടവ്, അപ്പര്‍ നിരാര്‍, ലോവര്‍ നിരാര്‍ എന്നീ അണക്കെട്ടുകളാണ് ഏതാണ്ട് പൂര്‍ണമായി നിറഞ്ഞ സ്ഥിതിയിലുള്ളത്. കഴിഞ്ഞ പ്രളയത്തില്‍ വെള്ളം തുറന്നുവിട്ട അണകളാണ് ഇവയെല്ലാം. തമിഴ്നാടിന്റെ അപ്പര്‍ ഷോളയാര്‍, അപ്പര്‍ നിരാര്‍, ലോവര്‍ നിരാര്‍ എന്നീ അണകള്‍ തുറന്നാല്‍ കേരള ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ഇടമലയാര്‍ എന്നീ അണക്കെട്ടുകളിലേക്കാണ് വെള്ളമെത്തുക.
പെരിങ്ങല്‍ക്കുത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്കും ഇടമലയാറില്‍നിന്ന് പെരിയാറിലേക്കും വെള്ളമൊഴുക്കേണ്ടിവരും. പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകള്‍ തുറന്നാല്‍ മലമ്പുഴയിലേക്കും ഭാരതപ്പുഴയിലേക്കും വെള്ളമെത്തും.ഈ സാഹചര്യത്തില്‍ അടിയന്തരമായി സംയുക്ത ജലനിയന്ത്രണ ബോര്‍ഡ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കേരളം, തമിഴ്നാടിന് കത്തയച്ചു. എന്നാല്‍ കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 18-ന് കേരളം വിളിച്ച യോഗത്തില്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല.
ഒക്ടോബര്‍ 15 മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതിനുമുമ്പ് തമിഴ്നാട്ടിലെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറച്ചില്ലെങ്കില്‍ സ്ഥിതി ആശങ്കാജനകമാകും. തമിഴ്നാട് അണക്കെട്ടുകള്‍ തുറന്നുവിട്ടാല്‍ കേരളത്തിലെ അണകളും തുറക്കേണ്ടിവരും. ഇത് മുന്‍കൂട്ടി കണ്ടാണ് സംയുക്ത ജല നിയന്ത്രണ ബോര്‍ഡ് യോഗം ചേരണമെന്ന ആവശ്യം കേരളം ഉന്നയിക്കുന്നത്.
Post Your Comments