KeralaLatest News

പ്രളയം തകർക്കാതെ ബാക്കിയാക്കിയ പുസ്തകങ്ങളും, രേഖകളും വീണ്ടെടുക്കുന്നു

പൈതൃക രേഖകള്‍ക്കൊരു സുരക്ഷാ കരവലയം പദ്ധതിയിലൂടെയാണ് വീണ്ടെടുപ്പ്

തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പ് ആവിഷ്‌കരിച്ച പൈതൃക രേഖകള്‍ക്കൊരു സുരക്ഷാ കരവലയം പദ്ധതിയിലൂടെ പ്രളയം തകര്‍ക്കാതെ അവശേഷിപ്പിച്ച ചരിത്രരേഖകളും വിലപിടിച്ച പ്രമാണങ്ങള്‍ക്കുമെല്ലാം പുതുജീവന്‍വയ്ക്കുന്നു. വീണ്ടെടുത്തു കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് പുസ്തകങ്ങളും രേഖകളുമാണ്.

പ്രളയപ്രദേശങ്ങളിലെ സംരക്ഷിക്കാനുള്ള പുസ്തകങ്ങളും രേഖകളും കണ്ടെത്താന്‍ അടുത്തമാസം ആദ്യം മുതല്‍ സര്‍വേ നടത്തും. ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ വഴിയാകും സര്‍വേ നടത്തുക. വീടുകളും സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വേയിലൂടെ വെള്ളത്തില്‍ കുതിര്‍ന്ന എല്ലാ രേഖകളും പുസ്തകങ്ങളും വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്.

മൂവായിരത്തിലേറെ പുസ്തകങ്ങള്‍ ഇതുവരെ ഈ പദ്ധതിയിലൂടെ വീണ്ടെടുത്തു കഴിഞ്ഞു. അഞ്ചോളം താളിയോല ഗ്രന്ഥങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞു. 250 ലൈബ്രറികളില്‍നിന്നുള്ള പുസ്തകങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. രേഖകള്‍ വൃത്തിയാക്കി ഉണക്കി ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് സംരക്ഷിക്കുന്നത്.

കൊടുങ്ങല്ലൂര്‍ ചെമ്പോല കളരിയിലെ അഞ്ച് താളിയോല ഗ്രന്ഥങ്ങളാണ് ശാസ്ത്രീയ മാര്‍ഗത്തിലൂടെ സംരക്ഷിച്ചത്. പ്രളയത്തില്‍ വെള്ളം കയറിയ സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലുമുള്ള രേഖകളും കളക്‌ട്രേറ്റുകളുമായി ബന്ധപ്പെട്ട് പുരാവസ്തുവകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ബാങ്കുകളിലും മറ്റും പ്രമാണങ്ങള്‍ ഉള്‍പ്പടെയുള്ളവ വെള്ളത്തിനിടയിലായിരുന്നു. അത്തരം രേഖകള്‍ ഈര്‍പ്പം വലിച്ചെടുത്ത് ഉണക്കിയ ശേഷം ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വീണ്ടെടുത്ത് ഡിജിറ്റിലൈസ് ചെയ്യും.

റാന്നി, പത്തനംതിട്ട, അടൂര്‍, കോന്നി മേഖലകളിലെ 20 ഓളം ബാങ്കുകളിലെ പ്രമാണമുള്‍പ്പടെയുള്ള രേഖകള്‍ പുരാരേഖവകുപ്പ് ശേഖരിച്ചിട്ടുണ്ട്. സ്‌ട്രോങ്ങ് റൂമിലെ രേഖകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ പറ്റാത്തതിനാല്‍ അതാത് സ്ഥലങ്ങളില്‍ വച്ചുതന്നെ ഉണക്കി സംരക്ഷിച്ച് തിരികെ നല്‍കുകയാണ് ചെയ്യുന്നത്. ആറന്‍മുള ദേവസ്വം ബോര്‍ഡിന്റെ റെക്കോഡുകള്‍, ആലപ്പുഴയില്‍ മാത്രം 50 ഓളം സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ രേഖകളും ഏറ്റെടുത്തിട്ടുണ്ട്.

75 വര്‍ഷം വരെ പഴക്കമുള്ള ലൈബ്രറി പുസ്തകങ്ങളും മറ്റ് റീ പ്രിന്റുകള്‍ ലഭ്യമല്ലാത്തതുമായ പുസ്തകങ്ങളുമാണ് സംരക്ഷിച്ച് വീണ്ടെടുക്കുന്നത്. ഓഗസ്റ്റ് 31 നാണ് പദ്ധതി ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button