തലപ്പുഴ: കുരങ്ങുകൾ കാടുകളിൽ തീറ്റ കുറഞ്ഞതോടെ കൂട്ടമായി കൃഷിയിടങ്ങളിൽ എത്തുന്നത് രൂക്ഷമാകുന്നു. ഇതുകാരണം കഷ്ടത്തിലായിരിക്കുകയാണ് ഒരുകൂട്ടം കർഷകർ.
മഴ മാറിയതിനൊപ്പം ചൂട് കൂടിയതോടെ കാടുകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാടുകളിൽ കായ്‌കനികൾ ഇവയ്ക്ക് ആവശ്യത്തിന് കിട്ടാതെ വരുന്നു. ഇതാണ് കുരങ്ങുകൾ തീറ്റയ്ക്കായി കൃഷിയിടത്തിലെത്താൻ കാരണം. വരയാൽ, വെൺമണി, തലപ്പുഴ, അമ്പലക്കൊല്ലി, ഇരുമനത്തൂർ, പേര്യ, മക്കിമല തുടങ്ങിയ പ്രദേശങ്ങളിലാണ് കുരങ്ങുശല്യം കൂടുതലായും ഉള്ളത്. കപ്പ, വാഴ, വിവിധ പച്ചക്കറികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.
വീട്ടുവളപ്പിലെ പച്ചക്കറികൾ പോലും ഇവ കൂട്ടമായെത്തി തിന്നു നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
കുരങ്ങുശല്യം കാരണം പകലന്തിയോളം കൃഷിയിടത്തിൽ കർഷകർ കാവൽ കിടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇവയെ ഒച്ചവെച്ച് പേടിപ്പിച്ച് ഓടിച്ചുവിട്ടാലും കണ്ണ് തെറ്റിയാൽ മിനിറ്റുകൾ കഴിയുമ്പോഴേക്കും കൂട്ടമായി വീണ്ടുമെത്തുന്നതായി കർഷകർ പറയുന്നു.
Post Your Comments