റഫേൽ യുദ്ധവിമാന ഇടപാടിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച കോൺഗ്രസും രാഹുൽ ഗാന്ധിയും സ്വയം അപഹാസ്യരാവുന്നതാണ് ഇന്ന് രാജ്യം കണ്ടത്. മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയത്തിന്വേണ്ടി ആയുധമാക്കാൻ ശ്രമിച്ചവർക്ക് അത് തിരിച്ചുകൊണ്ടു. യഥാർഥത്തിൽ റഫേൽ യുദ്ധവിമാനവുമായി ബന്ധപ്പെട്ട് റിലയൻസുമായി ധാരണയുണ്ടാക്കിയത് യുപിഎ ഭരണകാലത്ത് ആണ് എന്നും ഇതിനകം വ്യക്തമായി. ഇന്നിപ്പോൾ ശക്തമായ ഭാഷയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മറുപടി പറഞ്ഞ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇതുവരെ ആരും പറയാൻ മടിച്ചതൊക്കെ തുറന്നടിച്ചു. ഇതുപോലെ രാഹുൽ തുറന്നുകാട്ടപ്പെട്ട ദിവസം ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല.
വലിയ വിശദീകരണങ്ങൾ ആവശ്യമില്ല. ആകെ ഒൻപത് പോയിന്റുകൾ; ഓരോന്നായി വിശദീകരിക്കാം:
ഒന്ന്: ഇന്ത്യ വാങ്ങുന്ന 36 റഫേൽ വിമാനങ്ങൾ ഇന്ത്യയിൽ അല്ല നിർമ്മിക്കുന്നത്. അത് ഫ്രാൻസിൽ ഉണ്ടാക്കി, ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ഇന്ത്യക്ക് കൈമാറുകയാണ് . അതുകൊണ്ട്തന്നെ ഇന്ത്യ വാങ്ങുന്ന വിമാനങ്ങളിൽ റിലയൻസിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ ഒരു റോളും ഉണ്ടാവേണ്ട കാര്യമില്ല.
രണ്ട്: യുപിഎ സർക്കാരാണ് ഡസോൾട്ട് എന്ന ഫ്രഞ്ച് കമ്പനിയെ ഷോർട്ട് ലിസ്റ്റ് ചെയ്തത്; റഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. ഏറ്റവും കുറഞ്ഞ വില സമർപ്പിച്ച ഡസോൾട്ടിന്റെ നിർദ്ദേശം അംഗീകരിച്ചുകൊണ്ട് അത് വാങ്ങുകയായിരുന്നു യുപിഎ ചെയ്യേണ്ടിയിരുന്നത്. കുറഞ്ഞ നിരക്ക് അവരുടേതാണ് എന്നും അവരുടെ വിമാനങ്ങൾ നല്ലതാണ് എന്നും ഇന്ത്യക്ക് ആവശ്യം അതാണ് എന്നും തീരുമാനിച്ചു. എന്നാൽ പിന്നീട് അന്നത്തെ സർക്കാർ വീണ്ടും അത് “ചർച്ചചെയ്യാൻ” തീരുമാനിച്ചു; re -negotiation നടത്താൻ തീരുമാനിച്ചു. അത് സംശയാസ്പദമായ നീക്കമായിരുന്നു. കുറഞ്ഞ നിരക്ക്, വിമാനത്തിന്റെ മറ്റു കാര്യങ്ങൾ ഓക്കേ … പിന്നെന്തിന് മറ്റൊരു പരിശോധന, വിലയിരുത്തൽ. അത് മറ്റേതോ സ്ഥാപനത്തെ പരിഗണിക്കാനായിരുന്നുവോ?. അതുതന്നെയാണവണം കാരണം. അതുകൊണ്ടുതന്നെയാണ് അന്ന് ആ വിമാനങ്ങൾ വാങ്ങാതിരുന്നത്. ‘ഒട്ടാവിയോ ക്വത്തറോക്കി അങ്കിൾ’ മാരൊന്നും ഈ ഇടപാടിൽ ഇല്ല എന്നത് രാഹുലിന് വിശ്വസിക്കാൻ കഴിയുന്നുണ്ടാവില്ല.
മൂന്ന്: അതേ വിമാനം, കൂടുതൽ ആധുനിക സൗകര്യങ്ങളും മറ്റുമുള്ളത്, അന്നത്തേക്കാൾ വിലകുറച്ചാണ് നരേന്ദ്ര മോഡി സർക്കാർ വാങ്ങുന്നത്. യുപിഎ ഭരണം കഴിഞ്ഞ് വര്ഷം കുറെ പിന്നിട്ടു എന്നതോർക്കുക; പക്ഷെ പഴയതിനേക്കാൾ വിലകുറച്ചു വാങ്ങുന്നു. മൊത്തത്തിൽ 20 ശതമാനം വിലക്കുറവ് ഉണ്ടാവുന്നു. അതിന് കാരണമെന്താണ്; എന്തുകൊണ്ടാണ് കോൺഗ്രസ് ഭരണത്തിൽ വില കൂടിയത്. ഇത് സംശയാസ്പദമല്ലേ?
നാല് ; നരേന്ദ്ര മോഡി സർക്കാരിന്റേത് സർക്കാർ to സർക്കാർ ഇടപാടാണ് . ഇന്ത്യ സർക്കാർ ഫ്രഞ്ച് സർക്കാരിന് പണം കൊടുക്കുന്നു. ഇടനിലക്കാരില്ല. സർക്കാരുകൾ തമ്മിലുള്ള ഇടപാടിൽ തട്ടിപ്പുണ്ട് എന്ന് ആരെങ്കിലും പറയുമോ; രാഹുൽ ഗാന്ധിയൊഴികെ. സുതാര്യമായ ഇടപാടാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തിയത് എന്നർത്ഥം. വിവരക്കേട് മാത്രം ജീവിതത്തിൽ ഇപ്പോഴും പറയുന്നവരെ എന്താണ് പറയുക.
അഞ്ച്; റിലയൻസ് മാത്രമല്ല അനവധി കമ്പനികളുമായി ഡസോൾട്ട് ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ ലിസ്റ്റ് അവർ ഇന്ന് മാധ്യമങ്ങൾക്ക് നൽകിയിട്ടുമുണ്ട്. അതിനൊന്നും എന്താ കുഴപ്പമില്ലേ; അതിനെക്കുറിച്ചു രാഹുൽ ഗാന്ധി പറയാത്തതെന്താ. എന്തുകൊണ്ടാണ് 2012 ൽ റിലയന്സുമായി ധാരണയുണ്ടാക്കിയപ്പോൾ രാഹുൽ ഗാന്ധി മിണ്ടാതിരുന്നത് ?
ആറ് : ഒരു മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന അനാവശ്യമായി വിവാദമാക്കി. പ്രസ്താവന മുഴുവൻ ഇന്നിപ്പോൾ പുറത്തുവന്നിട്ടുണ്ട്. അത് പരിശോധിച്ചാൽ, വേണമെങ്കിൽ , റിലയൻസിനെ കൊണ്ടുവന്നത് അന്നത്തെ കേന്ദ്ര സർക്കാരല്ലേ എന്ന് തോന്നാം. അതായത് 2012 ൽ റഫേൽ ഇടപാടിൽ പങ്കാളിയാകാൻ റിലയൻസിനെ കെട്ടി എഴുന്നള്ളിച്ചത് കോൺഗ്രസ് ആണ് എന്ന്. അതാവണം മുൻ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്. എന്തായാലും അത് നാളെകളിൽ പുറത്തുവരിക തന്നെ ചെയ്യും.
ഏഴ് : എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയും കൂട്ടരും യുദ്ധ വിമാന ഇടപാടുകളുടെ വിശദാംശങ്ങൾ പുറത്ത് പറയരുതെന്ന് ഫ്രാന്സുമായി നേരത്തെ നിബന്ധന വെച്ചത്. അത് എന്താണ് ഇപ്പോൾ ബാധകമല്ലാത്തത് . ഇപ്പോൾ യുദ്ധ വിമാനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടണം എന്ന് ആവശ്യപ്പെടുന്നത് ചൈനയെ സഹായിക്കാനല്ലേ; പാക്കിസ്ഥാന് വേണ്ടിയിട്ടല്ലേ. ഇന്ത്യ വാങ്ങുന്ന യുദ്ധവിമാനങ്ങൾ ഏത് തരത്തിലാണ് എന്ന് മനസിലാക്കാൻ ചൈനയും പാകിസ്ഥാനും രാഹുൽ ഗാന്ധിയെ സ്വാധീനിച്ചോ?. രാഹുലും കോൺഗ്രസും കുറേനാളുകളായി ചൈനയുടെ സ്വന്തമാണ് എന്ന തോന്നലുണ്ടാക്കിയിരുന്നുവല്ലോ. അതിന്റെ തുടർച്ചയല്ലേ ഇതൊക്കെ. ഇന്ത്യയുടെ പ്രതിപക്ഷം ശത്രുരാജ്യത്തിന്റെ കൈയിലെ കളിപ്പാവയാവുന്നത് പുതിയ കാര്യമാണ്. ഇന്ത്യയിൽ ഇതുവരെ ആരും ആ ആക്ഷേപം കേട്ടിട്ടില്ല, കമ്മ്യുണിസ്റ്റുകാർ ചിലപ്പോഴൊക്കെ വിമര്ശിക്കപ്പെട്ടിട്ടുണ്ട് എങ്കിലും. ആ ബഹുമതിയും, (ചൈനയുടെയും പാക്കിസ്ഥാന്റെയും വക്താവായ പ്രതിപക്ഷ നേതാവ് എന്നത് ) ഇന്നിപ്പോൾ രാഹുൽ ഗാന്ധിക്ക് സ്വന്തമാവുന്നു.
എട്ട് : ഈ യുദ്ധവിമാന ഇടപാടിൽ അഴിമതി ഉണ്ട് എന്ന് പറയുന്ന രാഹുൽ ഓരോ തവണയും സൂചിപ്പിച്ച അഴിമതി തുക ഒന്ന് പരിശോധിക്കൂ. ആദ്യം പറഞ്ഞത് അൻപതിനായിരം കോടി എന്ന്; പിന്നെ മുപ്പതിനായിരം ആയി; അതിപ്പോൾ 20,000 കൊടിയിലേക്കും. ആകെ എത്രരൂപയുടെ ഇടപാടാണ് എന്നുപോലും ആ നേതാവ് മനസിലാക്കുന്നില്ല എന്നതല്ലേ ഗതികേട്.
ഒൻപത് : നരേന്ദ്രമോദിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ആരാണ്?. അയ്യായിരം കോടിയുടെ തട്ടിപ്പ് കേസിൽ ജാമ്യത്തിൽ ഇറങ്ങി നടക്കുന്നയാൾ. അദ്ദേഹം മാത്രമല്ല അമ്മയും ജാമ്യത്തിലാണ്. ഇത്രവലിയ തട്ടിപ്പ് നടത്തിയിട്ടു ചാരിത്ര്യ പ്രസംഗം നടത്തുന്നുവോ. ആദായ നികുതി റിട്ടേൺ നൽകുമ്പോൾ പോലും കള്ളത്തരം കാട്ടിയയാൾ . ഇത്രക്ക് തരംതാണ രാഷ്ട്രീയക്കാർ ഇന്ത്യയിൽ കുറവാവില്ലേ. മറ്റൊന്ന് ദുബായ് കോടതി ഒരാളെ ഇങ്ങോട്ടയക്കുന്നുണ്ട്. ആഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ദല്ലാളായി നിന്നയാൾ. അതും ‘മദാമ്മ’യേയും മകനെയും അസ്വസ്ഥമാക്കുന്നുണ്ടാവണം. സംശയമില്ല. അവരാണ് ഇന്നിപ്പോൾ അഴിമതി തുടച്ചുനീക്കിയ നരേന്ദ്ര മോദിയെ അധിക്ഷേപിക്കാൻ രംഗത്ത് വരുന്നത്.
Post Your Comments