KeralaLatest News

ജെസ്ന തിരോധാനം ആറാം മാസത്തിലേക്ക്, അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചന

കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടുലക്ഷം ടെലഫോണ്‍ – മൊബൈല്‍ നമ്പരുകളാണ് ശേഖരിച്ചത്

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായിട്ടു ഇന്ന് ആറുമാസം. മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജസ്നയെ കാണാതാകുന്നത്.

കേസ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചെങ്കിലും ജസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായിട്ടില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് ആലോചന.

കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടുലക്ഷം ടെലഫോണ്‍ – മൊബൈല്‍ നമ്പരുകളാണ് ശേഖരിച്ചത്. ഇതില്‍ 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം 1,000 നമ്പരുകളുടെ വിലാസം ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായാണ് ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. എരുമേലിവരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജസ്നയെ ആരും കണ്ടിട്ടില്ല. ജസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ജസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടു പോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത്.

ജസ്നയ്ക്കായി സംഘം കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ഏറ്റവും പ്രതീക്ഷ നല്‍കുന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ബെംഗളൂരുവില്‍ നിന്നാണ്. ജസ്നയെയും സുഹൃത്തിനെയും ഇവിടെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളിയാണ് വിവരം നല്‍കിയത്.

അന്വേഷണസംഘം ബെംഗളൂരുവിലേക്ക് തിരിച്ചു. ജസ്നയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടെന്നും ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും വിവരം ലഭിച്ചു. എന്നാല്‍ സ്ഥാപനത്തിലെത്തി പരിശോധിച്ച പൊലീസിന് ജസ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായില്ല. ആശുപത്രിയിലെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും ജസ്നയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ലഭിച്ച വിവരം തെറ്റാണെന്ന് മനസിലായതോടെ ഒരാഴ്ചയ്ക്കു ശേഷം സംഘം കേരളത്തിലേക്ക് മടങ്ങി.

തെറ്റായ വിവരങ്ങളുടെ പ്രവാഹമായിരുന്നു പിന്നീട്. ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ഇവിടെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജസ്നയുടേതായിരുന്നില്ല.

ജസ്നയെക്കുറിച്ച് നിരവധി വിവരങ്ങളാണു സംസ്ഥാനത്തിനകത്തു നിന്നും പൊലീസിനു ലഭിച്ചത്. ജസ്നയുടെ വീടും പരിസവും സംശയമുള്ള സ്ഥലങ്ങളുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പലതവണ പരിശോധിച്ചു. ജസ്നയുടെ ഫോണില്‍ നിന്ന് കുടകിലേക്ക് ഫോണ്‍ കോള്‍ പോയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുടകില്‍ അന്വേഷണം നടത്തി. സംഭവദിവസം 16 തവണ ജസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തു. എല്ലാം നിഷ്ഫലമായി.

മുണ്ടക്കയത്തെ നീരീക്ഷണ ക്യാമറയില്‍ ജസ്നയോട് സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീട് വ്യക്തമായി. കേസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസവും പ്രചരിച്ചതോടെ ജസ്നയുമായി സാദൃശ്യമുള്ള മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.

മെയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവ് പുറത്തിറക്കി. പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫിസറുമായാണ് സംഘം രൂപീകരിച്ചത്. ജസ്നയെ കണ്ടെത്തുന്നവര്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷംരൂപ അഞ്ചു ലക്ഷമായും ഉയര്‍ത്തി.

ഏറ്റവും ഒടുവില്‍, മലപ്പുറത്തെ കോട്ടക്കുന്നില്‍ ജസ്നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന്‍ നല്‍കിയ കേസില്‍ അടുത്തമാസം കോടതി കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button