പത്തനംതിട്ട: പ്രളയജലം ഒഴുകി അടിത്തട്ട് തെളിഞ്ഞതോടെ പമ്പാനദിയില്‍ നിന്ന് ഉയര്‍ന്നു വന്ന തടിയുടെ അവശിഷ്ടങ്ങള്‍ 1600 വര്‍ഷം വരെ പഴക്കമുള്ള സബ് ഫോസിലുകളെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ (എന്‍സെസ്) ഗവേഷകര്‍. ശക്തമായ ഒഴുക്കില്‍ നദിയുടെ അടിത്തട്ട് മൂന്നും നാലും മീറ്റര്‍ വരെ ഇളകിപ്പോയതോടെയാണ് ഭൂഗര്‍ഭത്തില്‍ സംസ്‌കരിക്കപ്പെട്ട തടിയുടെ ഫോസില്‍ രൂപം പുറത്തുവന്നതെന്ന് എന്‍സെസ് ഗവേഷകന്‍ ഡോ. ഡി. പദ്മലാല്‍ പറഞ്ഞു.
ഇത്രയും നീണ്ട കാലം എക്കലില്‍ മൂടി കിടന്നിരുന്നതിനാല്‍ കല്‍ക്കരിയായി മാറുന്നതിനു തൊട്ടുമുന്‍പുള്ള പീറ്റ് ഫോസിലായി തടി മാറിയിട്ടുണ്ട്. രണ്ടായിരം വര്‍ഷം മുമ്പ് കേരളത്തിന്റെ പല ഭാഗങ്ങളും കടല്‍ കയറിയും വെള്ളം മൂടിയും കിടന്നിരുന്നു എന്ന ശാസ്ത്ര നിഗമനത്തിന് തെളിവാണിത്. അന്ന് പുഴകള്‍ പല ചാലുകളായി ഒഴുകി. ഇതിന്റെ കര പ്രദേശങ്ങള്‍ ഘോരവനങ്ങളായിരുന്നു. ഇപ്പോഴുള്ളതിന്റെ ഇരട്ടി മഴ പെയത് വനങ്ങളിലെ മരങ്ങള്‍ വന്‍തോതില്‍ കടപുഴകി മണ്ണിനടിയിലായി.
കിണര്‍ കുഴിക്കുമ്പോള്‍ മണലും പഴയ മരങ്ങളും (കാണ്ടാമരം) കാണുന്നത് കൈവഴികള്‍ ഒഴുകിയിരുന്നതിനു തെളിവാണ്. ഏതാനും വര്‍ഷം മുന്‍പ് ഓതറ മാമ്പറ്റ തറവാട്ടിലെ കിണര്‍ കുഴിച്ചപ്പോള്‍ കിട്ടിയ പഴയ തടി കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതികവിദ്യയിലൂടെ കാലഗണനം ചെയ്തപ്പോള്‍ ഏകദേശം 1650 വര്‍ഷം മുന്‍പ് മണ്ണിനടിയില്‍ വീണ വനവൃക്ഷത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. ഇനം ഏതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഈ മരത്തിനു വംശനാശം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം.
അതെ സമയം അനേകം പ്രളയങ്ങള്‍ പിന്നിട്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പമ്പാനദിയും മണിമലയാറും ഇന്നത്തെ രീതിയില്‍ ഒഴുകാന്‍ തുടങ്ങിയതെന്നും ഗവേഷകര്‍ പറയുന്നു. പണ്ട് നദി ഒഴുകിയിരുന്ന പല ചാലുകളും റിമോട്ട് സെന്‍സിങ് ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വന്‍ മണല്‍ നിക്ഷേപമുണ്ട്. പലതും ഇന്നു ജനവാസമേഖലയാണ്. ഇത്തവണത്തെ മഹാപ്രളയത്തില്‍ നദി അതിന്റെ പ്രാചീനമായ വഴികളെല്ലാം തിരിച്ചറിഞ്ഞ് തിരികെപ്പിടിച്ചതു നമ്മെ ചിന്തിപ്പിക്കേണ്ടതാണെന്ന് ഡോ. പദ്മകുമാര്‍ പറഞ്ഞു.
Post Your Comments