ആലപ്പുഴ: മഹാപ്രളയത്തില്‍ നിന്ന് നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യത്തൊഴിലാളി രാകേഷ് എലിപ്പനി ബാധിച്ച് മരിച്ചു. ആ നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷ രാകേഷായിരുന്നു. എന്നാല്‍ അയാളുടെ മരണശേഷം സാമ്പത്തികമായി തളര്‍ന്ന കുടുംബം സുമനസുകളുടെ സഹായം തേടുന്നു. അതുകൊണ്ട് തന്നെ മത്സ്യതൊഴിലാളിയെന്ന നിലയില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. അപ്പര്‍ കുട്ടനാട്, ആയാംപറമ്പ് ,വീയ്യപുരം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു രാകേഷ്.
കുറിയപ്പശ്ശേരി ദേവസ്വത്തിന്റെ വള്ളത്തിലാണ് രാകേഷ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മത്സ്യബന്ധനം ഉള്‍പ്പടെ പല ജോലികളും ചെയ്തായിരുന്നു രാകേഷ് ജീവിച്ചിരുന്നത്. മത്സ്യത്തൊഴിലാളി ഫെഡറേഷനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് അത് തള്ളുകയായിരുന്നുവെന്ന് രാകേഷിന്റ സുഹൃത്തുക്കള്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് ശേഷം കായംകുളത്ത് വച്ച് ആക്‌സിഡന്റുണ്ടായി. അതിനു മുമ്പ് തന്നെ പനിയുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു. ഒരുപക്ഷേ പനിയുടെ ക്ഷീണമാകാം വാഹനാപകടത്തിന് കാരണമെന്നും അവര്‍ കരുതിയിരുന്നു.. വാഹനാപകടത്തിന്റെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷവും അസാധാരണ സ്വഭാവം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ വെച്ച് രക്തത്തില്‍ കൗണ്ട് കുറഞ്ഞതോടെ ചികിത്സാചിലവ് കൂടി. സുഹൃത്തുക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചികിത്സാ സഹായത്തിനായി ഫണ്ട് ശേഖരിക്കാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments