
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ തിമിംഗല ഛര്‍ദ്ദി പോലീസിന് കൈമാറി. വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് കണ്ടെത്തിയത്. വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയവര്‍ക്കാണ് 28 കിലോ 400 ഗ്രാം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി കിട്ടിയത്.
വിഴിഞ്ഞത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെ കടലില്‍ ഒഴുകി നടക്കുകയായിരുന്ന നിലയിലാണ് തിമിംഗല ഛര്‍ദ്ദി കണ്ടെത്തിയത് എന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കടലിൽ തിമിംഗല സാന്നിധ്യം ഉണ്ടാകുമ്പോൾ കിട്ടുന്ന അതേ മണമാണ് ബോട്ടിലേറ്റിയപ്പോൾ തിമിംഗല ഛര്‍ദ്ദിക്കും ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു.
ഇതാദ്യമായാണ് തിമിംഗല ഛര്‍ദ്ദി കാണുന്നതെന്നും കണ്ടപ്പോൾ ഛര്‍ദ്ദി തന്നെയാണോ ഇതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്നുമാണ് ഇവർ പറഞ്ഞത്. പിന്നീട് ബോട്ടിലേറ്റി കരയ്ക്ക് എത്തിക്കുകയും തിമിംഗല ഛര്‍ദ്ദി തന്നെയെന്ന് ഉറപ്പാക്കിയ ശേഷം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
കടലിൽ നിന്നും കരയ്ക്ക് എത്തിച്ച തിമിംഗല ഛര്‍ദ്ദി വിഴിഞ്ഞ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്ത് എത്തി തിമിംഗലഛര്‍ദ്ദി വിശദമായ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി.
Post Your Comments